ന്യൂഡൽഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് അഞ്ച് വർഷത്തിനു ശേഷമാണ് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ പോകുന്നത്.
തെരഞ്ഞെടുപ്പിനെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ചുമതലയേറ്റ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ന്യൂഡൽഹിയിൽ അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചത്.
കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ സംസ്ഥാന പദവി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. മുറിവുണക്കാനുള്ള പ്രക്രിയയുടെ തുടക്കം എന്നാണ് സംസ്ഥാന പദവിയെക്കുറിച്ച് പ്രമേയത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതുവഴി ഭരണഘടനാപരമായ അവകാശങ്ങൾ തിരിച്ചുകിട്ടുമെന്നും ജമ്മു കശ്മീർ ജനതയുടെ അസ്തിത്വം സംരക്ഷിക്കപ്പെടുമെന്നും പ്രമേയത്തിൽ അവകാശപ്പെട്ടിരുന്നു.
അമിത് ഷായെ സന്ദർശിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒമർ അബ്ദുള്ള സന്ദർശിച്ചേക്കും. ഡൽഹിയിലേതിനു സമാനമായി സുപ്രധാന വിഷയങ്ങളിൽ അന്തിമ തീരുമാനം ലെഫ്. ഗവർണർ സ്വീകരിക്കുന്ന രീതിയാണ് ജമ്മു കശ്മീരിലും ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ മോദി - ഒമർ കൂടിക്കാഴ്ച നിർണായകമായിരിക്കും എന്നാണ് വിലയിരുത്തൽ.