അമൃത്പാൽ സിങ്ങ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കസ്റ്റഡിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച ഗൂണ്ടാത്തലവൻ അമൃത്പാൽ സിങ്ങിനെ (22) പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാവിലെ അമൃത്സറിനു സമീപം ജണ്ടിയാല ഗുരുവിലായിരുന്നു സംഭവം.
രണ്ടു കിലോഗ്രാം ഹെറോയിനും തോക്കും ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോയതായിരുന്നു പൊലീസ്. സ്ഥലത്തെത്തിയപ്പോൾ പൊലീസിൽ നിന്നു കുതറിമാറിയ അമൃത്പാൽ ഒളിപ്പിച്ച തോക്കെടുത്ത് പൊലീസിനു നേരേ വെടിവച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നെന്ന് അമൃത്സർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് സതീന്ദർ സിങ് പറഞ്ഞു. കൊലപാതകമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അമൃതപാൽ.