ക്ഷേത്ര ജോലിക്ക് അഹിന്ദുക്കൾ വേണ്ടെന്ന് ആന്ധ്ര ഹൈക്കോടതി
വിജയവാഡ: ക്ഷേത്രങ്ങളിലെ ജോലിക്ക് അഹിന്ദുക്കൾക്ക് അർഹതയില്ലെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. ഹിന്ദു വിശ്വാസം പിന്തുടരുന്നവർക്കു മാത്രമേ ക്ഷേത്രങ്ങളിൽ ജോലി നൽകാവൂ എന്നും ജസ്റ്റിസ് ഹരിനാഥ് നുനെപ്പള്ളിയുടെ ബെഞ്ച് വിധിച്ചു.
തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ട ശ്രീശൈലം ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസറുടെ നടപടിക്കെതിരേ ശ്രീശൈലം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന പി. സുദർശൻ ബാബു നൽകിയ ഹർജി തള്ളിക്കൊണ്ടാണു സുപ്രധാന വിധി. സുദർശൻ ബാബു ക്രൈസ്തവ വിശ്വാസിയാണെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ക്ഷേത്ര ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
2002ൽ ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെന്ന് അവകാശപ്പെട്ടാണ് സുദർശൻ ബാബു ആശ്രിത നിയമന വ്യവസ്ഥയിൽ ജോലി നേടിയത്. എന്നാൽ, 2010ൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട യുവതിയെ പള്ളിയിൽ വച്ച് ഇയാൾ ക്രൈസ്തവാചാര പ്രകാരം വിവാഹം ചെയ്തു. ഇതോടെ, സുദർശൻ ബാബുവിനെതിരേ ലോകായുക്തയിൽ പരാതിയെത്തി.
ഇതരമതസ്ഥയെ വിവാഹം ചെയ്തെങ്കിലും താൻ ഹിന്ദു മതത്തിലാണു തുടരുന്നതെന്നായിരുന്നു സുദർശൻ ബാബുവിന്റെ മറുപടി. രേഖകൾ പരിശോധിച്ച ലോകായുക്ത സുദർശൻ ബാബു യഥാർഥ വിശ്വാസം മറച്ചുവച്ചാണ് ജോലി നേടിയതെന്നു കണ്ടെത്തി. തുടർന്നാണ് പിരിച്ചുവിട്ടത്.
ഇതിനെതിരേ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ക്രൈസ്തവ യുവതിയെ പള്ളിയിൽ വച്ച് വിവാഹം കഴിച്ചതാണ് പ്രധാന തെളിവായി പരിഗണിച്ചത്. ഹിന്ദു വിശ്വാസിയായിരുന്നെങ്കിൽ വിവാഹം ക്രൈസ്തവാചാര പ്രകാരം നടത്തുമായിരുന്നില്ലെന്നു കോടതി പറഞ്ഞു. അങ്ങനെയെങ്കിൽ പ്രത്യേക വിവാഹ നിയമമായിരുന്നു പാലിക്കേണ്ടതെന്നും സുദർശന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.