തിരുപ്പതി ലഡ്ഡു Tirupati laddu
തിരുപ്പതി ലഡ്ഡുRepresentative image

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ജഗൻ മോഹനെതിരേ ഗുരുതര ആരോപണവുമായി ചന്ദ്രബാബു നായിഡു; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് ആന്ധ്ര സർക്കാർ
Published on

അമരാവതി: വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. എൻഡിഎയുടെ നിയമസഭാ കക്ഷി യോഗത്തിലാണു മുൻ സർക്കാരിനെതിരേ മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണം. വൈഎസ്ആർ കോൺഗ്രസ് ആരോപണം തള്ളിയതിനു പിന്നാലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ആന്ധ്രപ്രദേശ് സർക്കാർ പുറത്തുവിട്ടു.

ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡിനു കീഴിലുള്ള സെന്‍റർ ഒഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ് സ്റ്റോക്ക് ആൻഡ് ഫുഡിന്‍റെ ജൂലൈയിലെ റിപ്പോർട്ടാണ് സർക്കാർ പരസ്യപ്പെടുത്തിയത്. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായ ലഡ്ഡുവുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മീനെണ്ണ, ബീഫിൽ നിന്നും പന്നിമാംസത്തിൽ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടാണ് സർക്കാർ വെളിപ്പെടുത്തിയത്.

ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു Jagan Mohan Reddy, Chandrababu Naidu
ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു

ജഗൻമോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ നിലവാരമില്ലാത്ത സാധനങ്ങൾ പ്രസാദത്തിന് ഉപയോഗിച്ചെന്നു വിശദീകരിച്ചപ്പോഴായിരുന്നു നായിഡു മൃഗക്കൊഴുപ്പിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ശുദ്ധമായ നെയ്യ് ഉപയോഗിക്കേണ്ട ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു. അഞ്ചു വർഷം ക്ഷേത്രത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന നടപടികളായിരുന്നു വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്‍റേത്. അന്നദാനത്തിൽപ്പോലും അഴിമതി കാട്ടിയെന്നും നായിഡു.

നിയമസഭാ കക്ഷിയോഗത്തിലെ വെളിപ്പെടുത്തൽ നായിഡുവിന്‍റെ മകൻ നാരാ ലോകേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വിവാദം കൊഴുത്തു. സംഭവത്തിൽ അന്വേഷണവും നടപടിയും വേണമെന്നു വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ടിഡിപിയും വൈഎസ്ആർസിപിയും തിരുപ്പതിയുടെ പേരിൽ ഹീനമായ രാഷ്‌ട്രീയ യുദ്ധത്തിലേർപ്പെടുകയാണെന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിള പറഞ്ഞു.

പവിത്രമായ ക്ഷേത്രപ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്തിരുന്നോ എന്ന് ഉറപ്പാക്കാൻ സിബിഐ അന്വേഷണം വേണമെന്നും അവർ. ഇക്കാര്യം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ശർമിള ആവശ്യപ്പെട്ടു.

തിരുപ്പതി ക്ഷേത്രം Tirupati Temple
തിരുപ്പതി ക്ഷേത്രം

ഭക്തർക്കു നൽകുന്ന പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം ചിന്തിക്കാനാവാത്തതെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കളായ സുബ്ബ റെഡ്ഡിയും ബി. കരുണാകര റെഡ്ഡിയും പറഞ്ഞു. രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ടിഡിപി ഹീനമായ ആരോപണം ഉന്നയിക്കുന്നുവെന്നും അവർ.

താനും തിരുപ്പതി വെങ്കടേശ്വര മൂർത്തിയുടെ ഭക്തനാണെന്നും ആരോപണം തെറ്റെന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ സത്യം ചെയ്യാമെന്നും തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റിന്‍റെ അധ്യക്ഷനായി രണ്ടു തവണ പ്രവർത്തിച്ചിട്ടുള്ള റെഡ്ഡി പറഞ്ഞു. നായിഡുവും ഇതിനു തയാറാകുമോ എന്നും റെഡ്ഡി. രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ആരോപണമുന്നയിച്ച നായിഡുവിനും കുടുംബത്തിനും വെങ്കടേശ്വര ഭഗവാൻ ശിക്ഷ നൽകുമെന്നും റെഡ്ഡി പറഞ്ഞു.