ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ഉദ്ദേശ്യമില്ലെന്നു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ. തന്റെ ടേം അവസാനിക്കുന്ന ദിവസം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സേവിക്കും. നിയമസഭാ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാനോ ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനോ സർക്കാരിനു പദ്ധതിയില്ല. ഇതുസംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവർത്തികമാക്കുന്നതു പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതി വിപുലമായ കൂടിയാലോചനകൾ നടത്തും. സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി കേൾക്കേണ്ടതിനാലാണ്. മോദി സർക്കാരിന്റെ വിശാലമനസാണ് ഇതിൽ വ്യക്തമാകുന്നത്. 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സർക്കാരിനു വ്യക്തമായ പദ്ധതികളുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അജൻഡയെന്തെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.