ആരു വിചാരിച്ചാലും 370 തിരികെ കൊണ്ടുവരാനാവില്ല: അമിത് ഷാ

കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി തിരികെ നൽകുമെന്നു ബിജെപി പ്രകടന പത്രിക
article 370 will never return: amit shah
Amit ShahPTI
Updated on

ജമ്മു: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തായാലും 370ാം അനുച്ഛേദം ഇനി തിരിച്ചുവരില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേക പദവി ചരിത്രമായെന്നും ആരു വിചാരിച്ചാലും അതു തിരികെക്കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 370ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുകയാണു ലക്ഷ്യമെന്ന് നാഷണൽ കോൺഫറൻസ് ഉൾപ്പെടെ പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

370ാം അനുച്ഛേദം കശ്മീരിനെ ഭീകരരുടെ വിളനിലമാക്കുക മാത്രമാണു ചെയ്തതെന്നും ഇനി ഭീകരതയ്ക്ക് ഇടമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയ അമിത് ഷാ പറഞ്ഞു. കശ്മീരിലെ തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, പണ്ഡിറ്റുകളുടെയും സിഖുകാരുടെയും പുനരധിവാസം തുടങ്ങിയവ ഉറപ്പുനൽകുന്നതാണു ബിജെപി പ്രകടന പത്രിക.

ശങ്കരാചാര്യ ക്ഷേത്രമടക്കം സംസ്ഥാനത്ത് തകർക്കപ്പെട്ട നൂറിലേറെ ക്ഷേത്രങ്ങൾ പുനർനിർമിക്കുമെന്നു പ്രകടനപത്രികയിൽ പറയുന്നു. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെയും സിഖുകാരുടെയും ഭൂമിയും വീടുമടക്കം കൈയേറ്റക്കാരിൽ നിന്നു തിരിച്ചുപിടിച്ച് നൽകും. അങ്ങനെ നൽകാനാവാത്തവർക്ക് തുല്യമായ നഷ്ടപരിഹാരം നൽകും. 6000 പേരുടെ പുനരധിവാസം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും അമിത് ഷാ. തെരഞ്ഞെടുപ്പു ഫലം എന്തായാലും ഗുജ്ജർ, ബക്കർവാൽ, പഹാഡി സമുദായങ്ങളുടെ സംവരണത്തിൽ തൊടാൻ അനുവദിക്കില്ലെന്ന് ഒമർ അബ്ദുള്ളയോടു വ്യക്തമാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Trending

No stories found.

Latest News

No stories found.