ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിനാണ് രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഒരു ദേശീയ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിൻ്റെ ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം.
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബി.ജെ.പി വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരായിട്ടായിരുന്നു ബ്രിട്ടാസിൻ്റെ ലേഖനം.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്നും ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. രാജ്യസഭ ചെയർമാന് നൽകിയ പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണെന്നും രാജ്യസഭ ചെയർമാൻ ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മൗലികവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയർമാൻ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.