ജൻധൻ യോജന: സാമ്പത്തിക ശാക്തീകരണത്തിന്‍റെയും ഉൾപ്പെടുത്തലിന്‍റെയും ദശകം

ഭാരത സർക്കാർ, ഡിഎഫ്എസ്, സെക്രട്ടറി, എം. നാഗരാജു എഴുതുന്നു
pm jandhan yojana
ജൻധൻ യോജന: സാമ്പത്തിക ശാക്തീകരണത്തിന്‍റെയും ഉൾപ്പെടുത്തലിന്‍റെയും ദശകം
Updated on

പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) ആരംഭിച്ചതിന്‍റെ ഒരു ദശകം ആഘോഷിക്കുന്ന വേളയിൽ, ഈ അഭിമാന സംരംഭം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പരിശോധിക്കുന്നത് ശ്രദ്ധേയമായിരിക്കും. 2014 ഓഗസ്റ്റ് 28 ന് ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പിഎംജെഡിവൈ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമെന്ന ദർശനം - "സബ്കാ വികാസ് '- സാക്ഷാത്കരിക്കുന്നതിലെ അടിസ്ഥാന ശിലയായി വർത്തിക്കുന്നു. പിഎംജെഡിവൈ, കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ബാംങ്കിങ് സേവനം ലഭ്യമല്ലാതിരുന്ന ദശലക്ഷക്കണക്കിന് പൗരന്മാരെ ഔപചാരിക ബാംങ്കിങ് സംവിധാനത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. ഇത് സാർവത്രിക സാമ്പത്തിക ശാക്തീകരണവും ഉൾപ്പെടുത്തലും എന്ന ലക്‌ഷ്യം യാഥാർത്ഥ്യമാക്കി.

പിഎംജെഡിവൈ ആരംഭിച്ച ശേഷം ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണവും ഉൾപ്പെടുത്തലും മാതൃകാപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഓരോ മുതിർന്നപൗരനും കുറഞ്ഞത് ഒരു അടിസ്ഥാന ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബാങ്കിങ് സൗകര്യങ്ങളിലേക്ക് സാർവത്രിക പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. മിനിമം ബാലൻസ് ആവശ്യമില്ലാതെയും നിരക്കുകളൊന്നുമില്ലാതെയും സൗജന്യമായാണ് പിഎംജെഡിവൈ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യപെട്ടത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനായി, പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയുള്ള റുപേ ഡെബിറ്റ് കാർഡ് സൗജന്യമായി നൽകി വരുന്നു. 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം, അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം എന്നിവ ഉറപ്പാക്കുന്നു.

പിഎംജെഡിവൈ യുടെ കഴിഞ്ഞ ദശാബ്ദക്കാലത്തെ പ്രയാണം സമഗ്രമായ പരിവർത്തനത്തിൽ കുറഞ്ഞ ഒന്നുമായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന രീതിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നു. രാജ്യത്തിന്‍റെ വിദൂര കോണുകളിൽ എത്തിച്ചേരാനും "അന്ത്യോദയ് ' എന്ന വിശേഷണമുള്ള ദരിദ്രരിൽ ദരിദ്രരായ വ്യക്തികളെ സേവിക്കാനും ധനകാര്യ സ്ഥാപനങ്ങളെ ഇത് പ്രേരിപ്പിക്കുന്നു. ഇന്ന്, 53 കോടിയിലധികം ജൻധൻ അക്കൗണ്ടുകൾ തുറന്നിരിക്കുന്നു. സഞ്ചിത നിക്ഷേപം 2.3 ലക്ഷം കോടി രൂപ കവിഞ്ഞു. മുമ്പ് ബാങ്കിങ് സൗകര്യം ലഭ്യമല്ലാതിരുന്ന വ്യക്തികൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നതിൽ പദ്ധതി വിജയിച്ചുവെന്നതിന് തെളിവ് കൂടിയാണിത്. ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ഏകദേശം 36 കോടി റുപേ ഡെബിറ്റ് കാർഡുകളും വിതരണം ചെയ്തു.

67% അക്കൗണ്ടുകളും തുറക്കപ്പെട്ടു ഗ്രാമങ്ങളിലും അർധ നഗര പ്രദേശങ്ങളിലും പിഎംജെഡിവൈയുടെ സ്വാധീനം വിശിഷ്യാ പ്രകടമാണ്. മാത്രമല്ല, ഈ അക്കൗണ്ടുകളിൽ 56% വനിതകളുടേതാണ്. ലിംഗ സമത്വത്തിലൂന്നിയുള്ള സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. സാമ്പത്തിക ആസ്തികളുടെ ഉടമസ്ഥതയിൽ നിലനിന്നുപോന്ന ചരിത്രപരമായ പക്ഷപാതവും വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്ന പരിമിതമായ പങ്കാളിത്തവും കണക്കിലെടുക്കുമ്പോൾ ഇത് ചെറിയ നേട്ടമല്ല.

പദ്ധതിയ്ക്ക് കീഴിൽ മിനിമം ബാലൻസ് ആവശ്യമില്ലെങ്കിലും ഒരു അക്കൗണ്ടിലെ ശരാശരി ബാലൻസ് 4,328 രൂപയായി വർധിച്ചു. ഇത് ബാങ്കിങ് സംവിധാനത്തിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തെയും ജൻധൻ അക്കൗണ്ടുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തെയും പ്രതിഫലിപ്പിക്കുന്നു. ശ്രദ്ധേയമായ ഈ വിജയം കൈവരിക്കുന്നതിനുള്ള പിഎംജെഡിവൈ യുടെ അശ്രാന്ത പരിശ്രമത്തിന് ബാങ്കിങ് കുടുംബത്തിലെ ഓരോ അംഗവും അഭിനന്ദനം അർഹിക്കുന്നു. പ്രായപൂർത്തിയായവർക്കുള്ള ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം പൂർണത കൈവരിച്ചു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. പിഎംജെഡിവൈ അക്കൗണ്ടുകൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴിയുള്ള വിവിധ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനും സേവിങ്സ് സ്വരൂപിക്കുന്നതിനും മൈക്രോ- ഇൻഷ്വറൻസ്, നിക്ഷേപ ഉത്പന്നങ്ങൾ എന്നിവ ലഭിക്കുന്നതിനും പ്രയോജനപ്രദമാണ്.

പിഎംജെഡിവൈയുടെ കീഴിലുള്ള ബാങ്കിങ് സേവനങ്ങളുടെ വിപുലീകരണവും ശ്രദ്ധേയമാണ്. ജനവാസമുള്ള 99.95% ഗ്രാമങ്ങളിലും ഇപ്പോൾ 5 കിലോമീറ്റർ ചുറ്റളവിൽ ബാങ്കിങ് സൗകര്യം ലഭ്യമാണ്. ഈ വിപുലമായ ശൃംഖലയിലൂടെ, ജീവൻ- അപകട പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന തുടങ്ങിയ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കി, അസംഘടിത മേഖലയിലെ തൊഴിലാളികലുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കി.

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ (ഡിപിഐ) പ്ലാറ്റ്ഫോം ആഗോള അംഗീകാരത്തിന് പാത്രമായിട്ടുണ്ട്. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ സുതാര്യവും സുഗമവുമാണെന്ന് മാത്രമല്ല ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. "ഇന്ത്യ സ്റ്റാക്ക് ' എന്ന ആശയത്തിലൂന്നി ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ മേഖലയിൽ വിവിധ തട്ടിലുള്ള ഒരു സമീപനത്തിന് ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം പിഎംജെഡിവൈ സ്ഥാപിച്ച അടിത്തറയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ജൻ ധൻ, ആധാർ, മൊബൈൽ എന്നീ ജെഎഎം ത്രിത്വത്തിൽ ഈ പദ്ധതി ഒരു നിർണായക ഘടകമാണ്. ഇത് സാമ്പത്തിക ഉൾപ്പെടുത്തലും സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റലൈസേഷനും പ്രേരിപ്പിച്ചു. യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിജയവും ഡിജിറ്റൽ ഇടപാടുകളിലെ ഉജ്വലമായ വളർച്ചയും പിഎംജെഡിവൈ അക്കൗണ്ടുകളുടെ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ ആളുകൾക്ക് ജൻധൻ അക്കൗണ്ടുകൾ ഉള്ളതിനാൽ, നിക്ഷേപത്തിലേക്കും നൂതനമായ സാമ്പത്തിക ഉത്പന്നങ്ങളിലേക്കും പ്രവേശനം വർധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതകളുമുണ്ട്.

കഴിഞ്ഞ ദശകം അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇതുമൂലം വർധിച്ച ഇന്‍റർനെറ്റ് വ്യാപനവും മൊബൈൽ കണക്റ്റിവിറ്റിയും വായ്പ, പണമടവ് സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയും ഫിൻടെക് സൊല്യൂഷനുകൾ സ്വീകരിക്കുന്നത് സാധ്യമാക്കുകയും ചെയ്തു. മുന്നോട്ടുള്ള പ്രയാണത്തിൽ, സാമ്പത്തിക ഉൾപ്പെടുത്തലിന്‍റേതായ അടുത്ത ദശകം സുസ്ഥിര വികസനത്തിലും സാധാരണക്കാരുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യാധിഷ്ഠിത നവീകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ദ്രുതഗതിയിലുള്ള വളർച്ച ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിനും, കരുത്തുറ്റതും കാര്യക്ഷമവും പ്രവേശനക്ഷമവുമായ ധനകാര്യ സ്ഥാപനങ്ങൾ അനിവാര്യമാണ്. പിഎംജെഡിവൈ യുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ തന്നെ, ഭാവിയിലേക്കും ഞങ്ങൾ കണ്ണോടിക്കുന്നു. അടുത്ത ഘട്ടത്തിൽ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതും സാങ്കേതികവിദ്യയിലധിഷ്ഠിതവും സമഗ്രവുമായ വളർച്ച സാധ്യമാക്കുന്നതും സ്ഥായിയായതുമായ ഒരു സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുന്നതിലായിരിക്കും നാം ശ്രദ്ധ കേന്ദ്രീകരിക്കുക.

Trending

No stories found.

Latest News

No stories found.