ന്യൂഡൽഹി: ഡൽഹി മദ്യനയകേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയാറാവാത്തതോടെ അദ്ദേഹത്തിന്‍റെ വസതിയിൽ റെയ്ഡ് നടത്തി അദ്ദേഹത്തെ ഇന്ന് അറസ്റ്റു ചെയ്തേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. കെജ്‌രിവാളിന്‍റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പൊലീസ് അടച്ചതായും പാർട്ടി ആരോപിച്ചു.
നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസയച്ചത്. എന്നാല്‍ ഇതിനും ഹാജരാവാതെയിരുന്ന കെജ്‍രിവാൾ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇഡിയെ രേഖാമൂലം അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിന്‍റെ യഥാർഥ ഉദ്ദേശ്യം, സ്വഭാവം, വ്യാപ്തി തുടങ്ങി താൻ മുൻപു നൽകിയ കത്തുകൾക്കു മറുപടി നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. തന്നെ വിളിപ്പിച്ചത് നിയമവിരുദ്ധമായാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.