നിയമസഭാ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ 3 ഘട്ടം, ഹരിയാനയില്‍ ഒറ്റ ഘട്ടം, വോട്ടെണ്ണല്‍ ഒക്ടോബര്‍ 4ന്

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടനെയില്ല
assembly election 2024 dates announced
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ : രാജീവ് കുമാര്‍file
Updated on

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കശ്മീരില്‍ മൂന്ന് ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1നും നടക്കും. ഹരിയാനയിൽ ഒക്ടോബര്‍ 1ന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 4ന് നടക്കും.

മഹാരാഷ്ട്ര, ത്സാർഖണ്ഡ് എന്നിവിടങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ സൂചനകൾ ഉണ്ടായിരുന്നത്. എന്നാൽ, പ്രഖ്യാപിച്ചത് രണ്ടു സംസ്ഥാനങ്ങളിൽ മാത്രം.

കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. 10 വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകാഷ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ 3.71 ലക്ഷം പുതുമുഖങ്ങളും, 169 ട്രാൻജെൻഡർ വോട്ടർമാരുമാണ്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാവുക. ഹരിയാനയിൽ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക.

85 വയസ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ടുരേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ പോളിങ് ബൂത്തിലും സിസിടിവി കാമറകള്‍ സ്ഥാപിക്കും. തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. അതേസമയം, കേരളത്തിലെ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യകമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.