ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. പത്തുമണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് നാലു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകും.
ഇതോടൊപ്പം തെരഞ്ഞെടുപ്പു നടന്ന മിസോറാമിലെ വോട്ടെണ്ണൽ നാളത്തേക്കു മാറ്റിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനത്ത് അവരിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ച നടത്താനിരുന്ന വോട്ടെണ്ണൽ മാറ്റിയത്.
രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസ് മധ്യപ്രദേശിലും തെലങ്കാനയിലും വിജയവും ലക്ഷ്യമിടുന്നു. കർണാടകയിലേതിനു സമാനമായ വിജയമുണ്ടാകുമെന്നും പാർട്ടി. എന്നാൽ, രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരം പ്രതീക്ഷിക്കുന്ന ബിജെപി ഛത്തിസ്ഗഡിലും തെലങ്കാനയിലും നില മെച്ചപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലിലാണ്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോൺഗ്രസിന് അനുകൂലമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ രാജസ്ഥാനിൽ ബിജെപിക്കൊപ്പം.