ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 5 ദിവസമെത്തുമ്പോഴും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി നേതൃത്വം. ഇന്നലെ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിനുശേഷവും പുതിയ മുഖ്യമന്ത്രിമാർ ആരൊക്കെയെന്നതിൽ നേതൃത്വം മൗനം തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ എല്ലാ വശങ്ങളും വിലയിരുത്തി ഉചിതമായ തീരുമാനമുണ്ടാകുമെന്നു മാത്രമാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
ഈ സംസ്ഥാനങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പു നടന്ന തെലങ്കാനയിൽ ഇന്ന് എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. മിസോറാമിൽ ലാൽദുഹോമയുടെ സെഡ്പിഎം മന്ത്രിസഭ നാളെ അധികാരമേൽക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രത്യേകം പ്രഖ്യാപിക്കാതെയാണു ബിജെപി തെരഞ്ഞെടുപ്പു നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. മൂന്നിടത്തുമായി നിരവധി പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്. മൂന്നിടത്തേക്കുമുള്ള നിരീക്ഷകരെ ഇന്നു നിശ്ചയിക്കുമെന്നും ഇവർ എംഎൽഎമാരുടെ ഹിതം അറിഞ്ഞശേഷമാകും തീരുമാനമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു തന്നെയാണു മുൻഗണന. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ എന്നിവരുടെ പേരും സാധ്യതാ പട്ടികയിലുണ്ട്. ഛത്തിസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനു പകരം കേന്ദ്ര മന്ത്രി രേണുക സിങ്ങിനാണു സാധ്യത കൽപ്പിക്കുന്നത്. രേണുക ഇന്നലെ പ്രധാനമന്ത്രിയെ കണ്ടത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് അരുൺകുമാർ സാവ, മുൻ പ്രതിപക്ഷ നേതാവ് ധരംലാൽ കൗശിക്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി എന്നിവരും ശക്തരായ എതിരാളികളാണെന്നു കരുതുന്നു.
രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയോട് നേതൃത്വത്തിന് താത്പര്യം കുറവാണെങ്കിലും അവഗണിക്കാനാവില്ലെന്നതാണ് യാഥാർഥ്യം. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 25 എംഎൽഎമാർ വസുന്ധരയെ സന്ദർശിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയെ സന്ദർശിച്ച വസുന്ധര, മോദിയുടെ നേതൃത്വത്തെ പ്രകീർത്തിച്ചു. ഇതിനിടെ, വസുന്ധരയുടെ മകൻ ദുഷ്യന്ത് സിങ് അഞ്ച് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധരയുടെ എതിരാളിയെന്നു കരുതുന്ന മഹന്ത് ബാലക്നാഥ് യോഗി ഇന്നലെ ലോക്സഭാംഗത്വം രാജിവച്ചു.