ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ രാഷ്ട്രീയ നാടകത്തിന് സാധ്യത തുറന്നുവച്ച് ഐക്യ ജനതാദളിൽ (ജെഡിയു) നേതൃമാറ്റം. ഇന്നലെ ചേർന്ന ദേശീയ എക്സിക്യൂട്ടിവിൽ ലാലൻ സിങ്ങിനു പകരം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തെരഞ്ഞെടുത്തു. ലാലൻ സിങ്ങിന് സ്വന്തം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണു നിതീഷ് അധ്യക്ഷ പദവി ഏറ്റെടുത്തതെന്നു പാർട്ടി ദേശീയ വക്താവ് കെ.സി. ത്യാഗി. പുതിയ പദവിയോടു നിതീഷിനു താത്പര്യമില്ലായിരുന്നെന്നും നേതാക്കൾ നിർബന്ധിച്ചതിനാലാണ് സമ്മതിച്ചതെന്നും ത്യാഗി അവകാശപ്പെട്ടു.
എന്നാൽ, നിതീഷ് വീണ്ടുമൊരു ചാഞ്ചാട്ടത്തിനുള്ള സാധ്യത തുറന്നിടുന്നതിന്റെ ഭാഗമാണു മാറ്റമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സൂചന നൽകുന്നു. പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിൽ നിന്നു പഴയ ലാവണമായ എൻഡിഎയിലേക്ക് മടങ്ങാൻ തയാറാണെന്ന് ഇതരകക്ഷികളെ അറിയിക്കാനാണത്രെ നിതീഷിന്റെ ശ്രമം. ഇതുവഴി പ്രതിപക്ഷ സഖ്യത്തെ സമ്മർദത്തിലാക്കാമെന്നും നിതീഷ് കരുതുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസും എഎപിയും നിർദേശിച്ചത് നിതീഷിന് അലോസരമുണ്ടാക്കിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ രൂപീകരണത്തിന് മുൻകൈയെടുത്തതു താനാണെന്നും ആ പരിഗണന സഖ്യത്തിൽ ലഭിക്കുന്നില്ലെന്നാണു നിതീഷിന്റെ പരാതി. ബിജെപി ഇതര കക്ഷികളെ ചേർത്ത് മുന്നണിയുണ്ടാക്കാൻ ബിആർഎസ് നേതാവ് ചന്ദ്രശേഖര റാവു ഉൾപ്പെടെ ശ്രമിച്ചപ്പോൾ കോൺഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണികൊണ്ട് കാര്യമില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് നിതീഷാണെന്ന് ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു. എന്നിട്ടും മുന്നണി രൂപീകരിച്ചപ്പോൾ നിതീഷിനെ അവഗണിക്കുന്നുവെന്നും സിങ്.
പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും "ഇന്ത്യ' യോഗത്തിൽ തന്നെ നേതാവായി ഉയർത്തിക്കാട്ടുന്നതിൽ ലാലൻ സിങ് പരാജയപ്പെട്ടെന്നും നിതീഷിനു പരാതിയുണ്ട്. ലാലൻ സിങ്ങും ആർജെഡിയും തമ്മിലുള്ള അടുപ്പവും നേതൃമാറ്റത്തിന് കാരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു