ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേരേ ഭീകരാക്രമണം.
രാജ്യത്ത് മൂന്നിടങ്ങളിലായി 17 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 24 മണിക്കൂർ പിന്നിടും മുൻപാണ് സേനാ കേന്ദ്രത്തിൽ ഭീകരർ ഇരച്ചുകയറിയത്. 9 ഭീകരരാണ് ആക്രമണം നടത്തിയതെന്നും മുഴുവൻ പേരെയും വധിച്ചെന്നും പാക് വ്യോമസേന അറിയിച്ചു.
മിയാൻവാലിയിലെ പരിശീലന കേന്ദ്രമാണ് ആക്രമിച്ചത്. ഉപയോഗത്തിലില്ലാത്ത 3 വിമാനങ്ങൾക്ക് ആക്രമണത്തിൽ തകരാറുണ്ടായെന്നു സേന. എന്നാൽ, വ്യോമസേനയുടെ ഉപയോഗത്തിലുള്ള ഒരു സംവിധാനത്തിനും തകരാറില്ല. പാക് താലിബാന്‍റെ കീഴിൽ അടുത്തിടെ രൂപീകരിച്ച തെഹ്‌രീക് ഐ ജിഹാദ് പാക്കിസ്ഥാൻ എന്ന് സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
രാജ്യസുരക്ഷയ്ക്കെതിരായ ഏതു നീക്കത്തെയും നേരിടുമെന്നു കെയർടേക്കർ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാകർ പറഞ്ഞു. വെള്ളിയാഴ്ച ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലായി മൂന്ന് ഭീകരാക്രമണങ്ങളിൽ 17 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.