മുംബൈയിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമായ ആൾക്കെതിരെ കേസ്. ഒരു മൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്നയാൾക്കെതരിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനയിലെ അംഗമായ അമർജീത് സർവെ എന്നയാളുടെ പരാതിയിലായിരുന്നു കേസ്.
ഒരു വ്യക്തി ഔറംഗസേബിന്‍റെ ചിത്രം പ്രൊഫൈൽ ചിത്രമായി ഇട്ടതായുള്ള ഒരു സ്‌ക്രീൻഷോട്ട് അമർജീത് സർവെയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് ആ നമ്പറിൽ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പ്രൊഫൈൽ ചിത്രം മാറ്റമെന്ന് വാഗ്ദാനം ചെയ്തതെങ്കലും കുറേ സമയത്തിനു ശേഷവും ഇയാൾ ചിത്രം മാറ്റിയില്ല. തുടർന്ന് നവി മുംബൈയിലെ വാഷി പൊലീസ് സ്റ്റേഷനിൽ അമർജീത് പരാതി നൽകി.
പൊലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 298 (മതവികാരങ്ങൾ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ വാക്കുകൾ ഉച്ചരിക്കൽ മുതലായവ), 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) എന്നിവ പ്രകാരം പരാതി രജിസ്റ്റർ ചെയ്തു.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.