അയോധ്യ: അയോധ‍്യയിൽ പന്ത്രണ്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മൊയ്ത് ഖാന്‍റെ 3 കോടി രൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്. ജില്ലയിലെ പുരകലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭാദർസ നഗറിൽ ബേക്കറി നടത്തിയിരുന്ന മൊയ്ദ് ഖാനെയും അയാളുടെ ജീവനക്കാരനായ രാജു ഖാനെയും കഴിഞ്ഞ മാസം ജൂലൈ 30 ന് അയോധ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉച്ചയ്ക്ക് 1.30 യോടെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഭാദർസ ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കാൻ തുടങ്ങിയത്. മൊയ്ദ് ഖാന്‍റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചത് സർക്കാർ ഭൂമിയിലാണ് അനധികൃത കെട്ടിടം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. ക്രമസമാധാന പാലനം ഉറപ്പാക്കി കനത്ത സുരക്ഷയോടെയാണ് ഭാദർസ ടൗണിൽ ഒരുക്കിയ ഷോപ്പിങ് കോംപ്ലക്സ് ഇടിച്ചു നിരത്തിയത്.
മൊയ്‌ദ് ഖാൻ സമാജ്‌വാദി പാർട്ടി അംഗമാണെന്നും ഫൈസാബാദ് എംപി അവധേഷ് പ്രസാദുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വിമർശിച്ചു. സംസ്ഥാന നിയമസഭയിലും മുഖ‍്യമന്ത്രി ഈ കാര‍്യം ഉന്നയിച്ചിരുന്നു.