അയോധ്യയിലെ പള്ളി നിർമാണം മേയിൽ തുടങ്ങും

ഇവിടെ നിർമിച്ച ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങുകൾ ജനുവരി 22ന് നടക്കാനിരിക്കുകയാണ്
അയോധ്യയിലെ നിർദിഷ്ട മോസ്കിന്‍റെ രൂപകൽപ്പന.
അയോധ്യയിലെ നിർദിഷ്ട മോസ്കിന്‍റെ രൂപകൽപ്പന.
Updated on

ലക്നൗ: അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച വിധിയിൽ സുപ്രീം കോടതി നിർദേശിച്ച പള്ളിയുടെ നിർമാണം മേയിൽ തുടങ്ങും. ഇന്ത്യ- ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ധനിപുരിലാണു പള്ളി നിർമിക്കുന്നത്. പള്ളിക്കുവേണ്ടി സംഭാവന സ്വീകരിക്കാൻ ഓരോ സംസ്ഥാനത്തും പ്രതിനിധികളെ ചുമതലപ്പെടുത്താനും ട്രസ്റ്റ് ആലോചിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ഇവരെ നിയമിച്ചേക്കും.

2019 നവംബർ ഒമ്പതിനാണ് തർക്കഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുത്തുകൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ഇവിടെ നിർമിച്ച ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങുകൾ ജനുവരി 22ന് നടക്കാനിരിക്കുകയാണ്. എന്നാൽ, പള്ളി നിർമിക്കാൻ ഇതേവരെ നടപടി തുടങ്ങിയിട്ടില്ല. ഫെബ്രുവരി പകുതിയോടെ പള്ളിയുടെ നിർമാണ മാതൃക തയാറാകുമെന്നും ഇതിനുശേഷം ഭരണപരമായ അനുമതിക്ക് സർക്കാരിനെ സമീപിക്കുമെന്നും ട്രസ്റ്റ് അധ്യക്ഷൻ സുഫർ ഫറൂഖി പറഞ്ഞു. പള്ളിയുടെ രൂപകൽപ്പന സംബന്ധിച്ച പദ്ധതികളിലെ മാറ്റവും സാമ്പത്തിക പ്രശ്നങ്ങളുമാണ് നിർമാണം നീണ്ടുപോകാൻ കാരണമെന്നും ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് അധ്യക്ഷൻ കൂടിയായ ഫറൂഖി പറഞ്ഞു.

ഇന്ത്യയിൽ നിലവിലുള്ള പള്ളികളുടെ മാതൃകയിൽ നിർമിക്കാനായിരുന്നു ആദ്യ ആലോചന. ഇത് തിരസ്കരിക്കപ്പെട്ടതോടെ പുതിയ മാതൃക രൂപകൽപ്പന ചെയ്യേണ്ടിവന്നു. ആദ്യം 15000 ചതുരശ്ര അടിയെന്നു നിശ്ചയിച്ച പള്ളിയുടെ രൂപകൽപ്പന പുതുക്കിയതോടെ 40000 ചതുരശ്ര അടിയായി ഉയർന്നു. മധ്യപൂർവ ദേശത്തെ നിർമാണ ശൈലിയിലാകും പള്ളി നിർമിക്കുക. ഇതിനോടു ചേർന്ന് ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം എന്നിവയുമുണ്ടാകുമെന്നു ട്രസ്റ്റ് സെക്രട്ടറി അത്തർ ഹുസൈൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.