അയോധ്യ: രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചയ്ക്ക് 12.20നും ഉച്ചയ്ക്ക് 2.20നും ഇടയിലാണു പ്രാണപ്രതിഷ്ഠ. ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തിയേക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഇന്നു നഗരത്തിലെത്തുമെന്നു ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിൽ 121 ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകൾക്കു കാർമികത്വം വഹിക്കുന്നത്. വേദപണ്ഡിതൻ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ചടങ്ങുകളുടെ ഏകോപനം. 16ന് പ്രായശ്ചിത്ത പൂജയോടെ ആരംഭിച്ച ചടങ്ങുകൾ അവസാന ഘട്ടങ്ങളിലേക്കു കടന്നു.
ഇന്നലെ പ്രതിഷ്ഠാ വിഗ്രഹത്തിന് ശർക്കരാധിവാസം, ഫലാധിവാസം, പുഷ്പാധിവാസം തുടങ്ങിയ ചടങ്ങുകൾ നടത്തി. ഇന്ന് മധ്യാധിവാസം, ശയ്യാധിവാസം തുടങ്ങിയ ചടങ്ങുകൾ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 14 ദമ്പതിമാർ ചടങ്ങുകളുടെ യജമാന സ്ഥാനം വഹിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
സരയു ആരതി ഉൾപ്പെടെ ചടങ്ങുകളും ആഘോഷവും അയോധ്യയിൽ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥർ സ്വാമി ക്ഷേത്രം, രാമേശ്വരം രാമനാഥർ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി.