Sheikh hasina
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന.

ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി; യുഎസ് വിസ റദ്ദാക്കി

ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും അതീവ സുരക്ഷയിൽ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
Published on

ന്യൂഡൽഹി: പ്രക്ഷോഭത്തെത്തുടർന്ന് രാജി വച്ച് ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും തിരിച്ചടി. ഹസീനയുടെ വിസ യുഎസ് റദ്ദാക്കി. അമേരിക്കയടക്കം വിവിധ രാഷ്ട്രങ്ങളാണ് രാജി വയ്ക്കാൻ കാരണമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. ബംഗ്ലാദേശ് പ്രതിപക്ഷത്ത ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനിൽ രാഷ്‌ട്രീയ അഭയം തേടാനുള്ള ശ്രമത്തിൽ കടമ്പകൾ ഉയർന്നതോടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. ഏതാനും ദിവസം കൂടി അവർ ഇവിടെയുണ്ടാകുമെന്നാണു റിപ്പോർട്ട്. ഫിൻലൻഡിലെ ബന്ധുക്കളെ ആശ്രയിക്കുന്നതാണ് ഇപ്പോൾ പരിഗണിക്കുന്നത്.

തിങ്കളാഴ്ച രാത്രി ഹിൻഡൻ വ്യോമതാവളത്തിലിറങ്ങിയ ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും അതീവ സുരക്ഷയിൽ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രഹാനയുടെ മകളും ബ്രിട്ടിഷ് പാർലമെന്‍റ് അംഗവുമായ ടുലിപ് സിദ്ദിഖിന്‍റെ വസതിയിലേക്കു പോകാനായിരുന്നു ഇവരുടെ തീരുമാനം.

എന്നാൽ, രാഷ്‌ട്രീയ അഭയം നൽകുന്നതിനു തടസമുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. അന്താരാഷ്‌ട്ര സംരക്ഷണം വേണ്ടവർ ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണമെന്നാണ് ചട്ടമെന്നു ബ്രിട്ടിഷ് വൃത്തങ്ങൾ. ഇതുപ്രകാരം ഹസീന നിലവിൽ ഇന്ത്യയിൽ സുരക്ഷിതയാണ്.

ഇവിടെ നിന്നു രാഷ്‌ട്രീയ അഭയമോ താത്കാലിക അഭയമോ നൽകാൻ നിയമമില്ലെന്നാണു ബ്രിട്ടന്‍റെ നിലപാട്. കൂടാതെ ബംഗ്ലാദേശിലെ സംഘർഷങ്ങളിൽ യുഎൻ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും ബ്രിട്ടൻ പറയുന്നു. ഈ സാഹചര്യത്തിലാണു ഹസീന ഫിൻലൻഡിനെ ആശ്രയിക്കുന്നത് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരുമായി അവർ ഇതേക്കുറിച്ച് ആശയവിനിമയം നടത്തി.