കോൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ഗവർണർ സി.വി. ആനന്ദ ബോസ്. ആർ.ജി. മെഡിക്കൽ കോളെജിൽ പിജി ഡോക്‌ടറെ ബലാത്സംഗം ചെയ്തു കൊന്നതിനെത്തുടർന്ന് പടർന്നുപിടിച്ച പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
സംസ്ഥാനത്തുടനീളം സർക്കാരിനു കീഴിലുള്ള ആശുപത്രികളുടെ പ്രവർത്തനം ഡോക്‌ടർമാരുടെ സമരം കാരണം തടസപ്പെട്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഡോക്‌ടർക്ക് നീതി ലഭിക്കണമെന്നും, ജോലി സ്ഥലത്ത് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് 12 ദിവസമായി പണിമുടക്ക് നടത്തുന്നത്. ദേശീയ തലത്തിൽ സമരം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നു.
ഉചിതമായ സമയത്ത് നടപടിയെടുക്കാൻ സർക്കാരിനു സാധിക്കാത്തതാണ് ജനരോഷത്തിനു കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. കോൽക്കത്ത പൊലീസ് ക്രിമിനൽവത്കരിക്കപ്പെടുകയും രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുഖ്യമന്തി മമത ബാനർജിയുടെ നിലപാടിൽ വ്യക്തതയില്ല.
ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്. കാംപസുകളിൽ സുരക്ഷയില്ലെന്ന് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിയോട് പരാതിപ്പെടുന്നതും, നടപടിയുണ്ടായില്ലെന്ന് ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയോടു പരാതിപ്പെടുന്നതും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ഗവർണർ പറഞ്ഞു.
റോം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതു പോലെയാണ് ബംഗാളിലെ അവസ്ഥ. സ്വന്തം ജനതയെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു. ബംഗാൾ സമൂഹത്തിന് ഏറ്റവും ലജ്ജാകരമായ സമയമാണിത്. രാജ്യത്തിനു തന്നെ ഇതു നാണക്കേടാണ്.