ബംഗളൂരു സ്‌കൂട്ടർ ഷോറൂം തീപിടിത്തം: ഉടമയും മാനേജറും അറസ്റ്റിൽ

ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് യുവതിയുടെ മരണം. 5 ജീവനക്കാർ രക്ഷപ്പെട്ടു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു.
Bengaluru scooter showroom fire: Owner and manager arrested
ബംഗളൂരു സ്‌കൂട്ടർ ഷോറൂം തീപിടിത്തം: ഉടമയും മാനേജറും അറസ്റ്റിൽ
Updated on

ബംഗളൂരു: ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 26 കാരി വെന്തുമരിച്ച സംഭവത്തിൽ ഷോറുമിന്‍റെ ഉടമയും മാനേജറും അറസ്റ്റിൽ. കടയുടെ ഉടമ പുനീത് ഗൗഡ (36), സ്റ്റോർ മാനേജർ യുവരാജ (37) എന്നിവരെയാണ് രാജാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രിയയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ഭാരതീയ ന്യായ് സൻഹിതയുടെ സെക്ഷൻ 106 (അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം) പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

നവംബർ 13ന് വൈകിട്ട് 5.30 ന് ബംഗളൂരുവിലെ നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. 26കാരിയായ അക്കൗണ്ടന്‍റ് പ്രിയയാണ് ദാരുണമായി മരിച്ചത്. പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് പ്രിയ മരിച്ചത്. ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. 5 ജീവനക്കാർ രക്ഷപ്പെട്ടു. 3 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരണ്. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു.

കടയിൽ അഗ്നിശമന ഉപകരണങ്ങൾ ഇല്ലായിരുന്നു എന്നും തീപിടിത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള പരിശീലനം ജീവനക്കാർക്ക് നൽകിയിരുന്നില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറയുന്നു. 3 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. മറ്റ് അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിടുകയും സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.