'ജയിലിൽ കിടക്കാം എന്നാലും ഭാര്യയ്ക്കരികിലേക്കില്ല'; ഭാര്യയുടെ പീഡനം സഹിക്കാനാകാതെ നാടുവിട്ട് ടെക്കി യുവാവ്

പാത്രത്തിൽ ഒരു വറ്റ് ചോറോ ഒരു കഷണം ചപ്പാത്തിയോ അവശേഷിച്ചാൽ പോലും വലിയ ബഹളമുണ്ടാക്കുമായിരുന്നു. ഒറ്റയ്ക്ക് പുറത്തു പോയി ഒരു ചായ കുടിക്കാൻ പോലും അനുവദിച്ചിരുന്നില്ല
wife abuses hunsband
ഭാര്യയുടെ പീഡനം സഹിക്കാനാകാതെ നാടുവിട്ട് ടെക്കി യുവാവ്
Updated on

ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ നാടു വിട്ട് ടെക്കി യുവാവ്. തെരഞ്ഞെത്തിയ പൊലീസിനോട് ജയിലിൽ വേണമെങ്കിൽ കിടക്കാം എന്നാലും ഭാര്യയ്ക്കരികിലേക്ക് തിരിച്ചു അയക്കരുതെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 4നാണ് യുവാവിനെ കാണാതായത്. അസാധാരണ സാഹചര്യത്തിൽ സ്വന്തം ഭർത്താവിനെ കാണാനില്ലെന്നും ആരെങ്കിലും അപകടപ്പെടുത്തിക്കാണുമെന്നെല്ലാം ആരോപിച്ച് ഭാര്യ സമൂഹമാധ്യമത്തിലൂടെ വിഡിയോ പുറത്തു വിട്ടതോടെ സംഭവം വൈറലായി. അതോടെ പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി. ഓഗസ്റ്റ് 15നുള്ളിൽ നോയ്ഡയിൽ നിന്ന് യുവാവിനെ കണ്ടെത്തി. അതോടെയാണ് ഭാര്യയുടെ പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

12 വയസുള്ള മകളുള്ള സ്ത്രീയുടെ രണ്ടാമത്തെ ഭർത്താവാണ് യുവാവ്. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും 8 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും അടക്കം എല്ലാ കാര്യങ്ങളിലും ഭാര്യ നിരന്തരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യ തന്‍റെ സ്വാതന്ത്ര്യം മുഴുവൻ ഇല്ലാതാക്കി. പാത്രത്തിൽ ഒരു വറ്റ് ചോറോ ഒരു കഷണം ചപ്പാത്തിയോ അവശേഷിച്ചാൽ പോലും വലിയ ബഹളമുണ്ടാക്കുമായിരുന്നു. ഒറ്റയ്ക്ക് പുറത്തു പോയി ഒരു ചായ കുടിക്കാൻ പോലും അനുവദിച്ചിരുന്നില്ല. അതു മാത്രമല്ല താൻ വസ്ത്രം ധരിക്കുന്നതു പോലും ഭാര്യയുടെ താത്പര്യത്തിനായിരുന്നുവെന്നും യുവാവ് പറയുന്നു. ഭാര്യയുടെ ടോക്സിക് സ്വഭാവം മാനസികമായ പിരിമുറുക്കവും സൃഷ്ടിച്ചിരുന്നു. ഇതു സഹിക്കാനാകാതെയാണ് താൻ നാടു വിട്ടതെന്നാണ് യുവാവിന്‍റെ വെളിപ്പെടുത്തൽ. വീട്ടിൽ നിന്ന് എടിഎമ്മിലേക്ക് പോകാനായി ഇറങ്ങിയതിനു പിന്നാലെ ഇയാൾ നാടു വിടുകയായിരുന്നു.

തന്നെ കാണാനില്ലെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമുള്ള ആരോപണമുയർത്തി ഭാര്യ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പുറത്തു വിട്ടതോടെ മറ്റാരും തിരിച്ചറിയാതെ ഇരിക്കാനായി മുടി മുഴുവൻ മൊട്ടയടിച്ചു. ആദ്യം തിരുപ്പതിയിലേക്കും അവിടെ നിന്നും ഭുവനേശ്വറിലേക്കും പോയി. പിന്നീട് ഡൽഹിയിലേക്ക് പോയതിനു ശേഷമാണ് നോയിഡയിൽ എത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ യുവാവിനെ കണ്ടെത്താൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ പഴയ ഫോണിൽ പുതിയ സിം ഇട്ട് ഓൺ ചെയ്തതിനു ശേഷമാണ് പൊലീസിന് ട്രേസ് ചെയ്യാൻ പോലും സാധിച്ചത്. തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു കാരണവശാലും തിരിച്ച് വരില്ലെന്ന നിലപാടിലായിരുന്നു യുവാവ്. പക്ഷേ ഭാര്യ നൽകിയ പരാതിയിൽ തീരുമാനമെടുക്കുന്നതിനായി വരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയതോടെ ജയിലിൽ ഇട്ടാലും വീട്ടിലേക്ക് വിടരുതെന്ന ഉറപ്പു വാങ്ങിയാണ് യുവാവ് പൊലീസിനൊപ്പം തിരിച്ചെത്തിയത്.

Trending

No stories found.

Latest News

No stories found.