ഷിംല: ഹിമാചൽ പ്രദേശിലെ രാജ്യസഭാ വോട്ടെടുപ്പിൽ വിജയം അവകാശപ്പെട്ട് ബിജെപി. ആറ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിലൂടെ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജൻ 34 വോട്ടുകൾ നേടി വിജയിച്ചുവെന്നാണ് ബിജെപി അവകാശപ്പെട്ടിരിക്കുന്നത്. ഇതോടെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായി. കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിങ്‌വി പരാജയപ്പെട്ടതോടെ നിയമസഭയിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയാണ്. ബിജെപി നിയമസഭയിൽ ഉടൻ അവിശ്വാസം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഹരിയാനയിലേക്ക് മാറ്റിയതായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആരോപിച്ചു. ക്രോസ് വോട്ടിങ്ങിനെത്തുടർന്ന് തർക്കം മുറുകിയതോടെ വോട്ടെണ്ണൽ നിർത്തി വച്ചിരിക്കുകയാണ്. അതിനിടെയാണ് ബിജെപി വിജയം അവകാശപ്പെട്ടത്. 68 അംഗ നിയമസഭയിൽ 40 അംഗങ്ങളോടെയാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്.
ബിജെപിക്ക് 25 സീറ്റാണുള്ളത്. 3 സ്വതന്ത്രരും ആറു കോൺഗ്രസ് എംഎൽഎമാരുമാണ് ബിജെപിക്ക് അട്ടിമറി വിജയം നേടിക്കൊടുത്തത്. രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാർഥിയെ നിർത്തിയതോടെ അട്ടിമറി നടക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. സംസ്ഥാനത്ത് ബുധനാഴ്ചയാണ് ബജറ്റ് അവതരണം. അതിനു മുൻപേ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കാം.