'ഭർത്താവ് വിശ്രമിക്കട്ടെ, ഭാര്യ മത്സരിക്കട്ടെ'; ഒഡീശയിലെ 4 മണ്ഡലങ്ങളിൽ ബിജെഡി നേതാക്കളുടെ ഭാര്യമാർ സ്ഥാനാർഥികളാകും

2019ൽ നബരംഗ്പുരിൽ വിജയിച്ച സദാശിവ പ്രധാനിക്ക് ഇത്തവണ സീറ്റ് നൽകിയില്ല. പകരം മത്സരിക്കുന്നത് ഭാര്യ കൗസല്യ പ്രധാനി.
നവീൻ പട്നായിക്ക്
നവീൻ പട്നായിക്ക്
Updated on

ഭുവനേശ്വർ: ഒഡീഷയിൽ നാലു മണ്ഡലങ്ങളിൽ നേതാക്കൾക്ക് സീറ്റ് നിഷേധിച്ച ബിജെഡി പരിഗണിച്ചത് ഭാര്യമാരെ. ബിജെഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക് ബുധനാഴ്ച പുറത്തിറക്കിയ സ്ഥാനാർഥിപ്പട്ടികയിലാണ് കൗതുകം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ് ഒഡീഷയിൽ.

2019ൽ നബരംഗ്പുരിൽ വിജയിച്ച സദാശിവ പ്രധാനിക്ക് ഇത്തവണ സീറ്റ് നൽകിയില്ല. പകരം മത്സരിക്കുന്നത് ഭാര്യ കൗസല്യ പ്രധാനി. ഗഞ്ചമിൽ നിന്നു മൂന്നു തവണ തുടർച്ചയായി വിജയിച്ച പൂർണചന്ദ്ര സ്വെയിനു നാലാമൂഴം നിഷേധിച്ചപ്പോൾ ഭാര്യ സംഘമിത്ര സ്വെയിനെ പരിഗണിച്ചു. ഉമർകോട്ടിൽ 2019ൽ പരാജയപ്പെട്ട സുഭാഷ് ഗോണ്ടിനെ കാത്തിരുന്നതും സമാനമായ വിധിയാണ്. ഭാര്യ നബീന നായകിനു വേണ്ടി പ്രചാരണത്തിനിറങ്ങേണ്ടി വരും അദ്ദേഹം.

ബസ്ത അസംബ്ലി മണ്ഡലത്തിൽ സുഭാഷിണി ജേനയാണു സ്ഥാനാർഥി. മുൻ എംപി രബീന്ദ്രയുടെ ഭാര്യയാണ് സുഭാഷിണി. കോരാപ്പുട്ടിൽ മത്സരിക്കുന്ന കൗസല്യ ഹികാകയുൾപ്പെടെ 12 വനിതകളാണ് ബിജെഡിയുടെ ആദ്യ പട്ടികയിൽ ഇടം നേടിയത്. ഇവരിൽ മുൻ സ്പീക്കറും രണ്ടു മന്ത്രിമാരും രണ്ടു സിറ്റിങ് എംഎൽഎമാരുമുണ്ട്. രണ്ടു മുൻ സ്പീക്കർമാരുടെ മക്കൾക്കും സീറ്റ് ലഭിച്ചു.

Trending

No stories found.

Latest News

No stories found.