ന്യൂഡൽഹി, ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങാനിരിക്കെയും സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള കലഹത്തിൽ കുരുങ്ങി കർണാടക ബിജെപി. കോൺഗ്രസും ജെഡിഎസും ആദ്യഘട്ടം സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പലതവണ മാറ്റിവച്ചശേഷം ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്നലെ രാത്രി വൈകി പ്രഖ്യാപിക്കുമ്പോഴും വിമത ഭീഷണി തുടരുകയാണ്. 224 അംഗ നിയമസഭയിലേക്ക് 189 സ്ഥാനാർഥികളുടെ പട്ടികയാണു പാർട്ടി പുറത്തിറക്കിയത്. ഇവരിൽ 52 പേർ പുതുമുഖങ്ങൾ. എട്ടു വനിതകൾ. ഒബിസി- 32, പട്ടികജാതി-30, പട്ടികവർഗം-16 എന്നിങ്ങനെയാണു മറ്റു വിഭാഗങ്ങളുടെ സാന്നിധ്യം. ഷിഗാവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിക്കും. ശിക്കാരിപ്പുരയിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയാണു സ്ഥാനാർഥി.
ഇതിനിടെ, ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന സൂചന ലഭിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പ താൻ തെരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ചെന്നു പ്രഖ്യാപിച്ചതും നേതൃത്വത്തോടുള്ള അനിഷ്ടത്തിന്റെ സൂചനയെന്നാണു കരുതുന്നത്. ഞായറാഴ്ച ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും അസംതൃപ്തി അറിയിച്ചതായാണു റിപ്പോർട്ട്.
സംശുദ്ധമായ പശ്ചാത്തലമുള്ളവരും വായാടിത്തത്തിലൂടെ വിവാദമുണ്ടാക്കാത്തവരുമായ പുതുമുഖങ്ങളെ ഇത്തവണ രംഗത്തിറക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശം. എന്നാൽ, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ കർണാടക ബിജെപി തെരഞ്ഞെടുപ്പു സമിതിയുടേതായി സംസ്ഥാന നേതാക്കൾ അവതരിപ്പിച്ച പട്ടികയിൽ ലൈംഗിക വിഡിയോ വിവാദത്തിൽപ്പെട്ട നേതാക്കളുടെ വരെ പേരുണ്ടായിരുന്നു. ഇതു കണ്ട് അമ്പരന്ന പ്രധാനമന്ത്രി ഇത്തരക്കാരെ ഒഴിവാക്കാനും സംശുദ്ധ പശ്ചാത്തലമുള്ള താരതമ്യേന യുവാക്കളായ സ്ഥാനാർഥികളെ അവതരിപ്പിക്കാനും നിർദേശിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഹുബള്ളി- ധർവാഡിൽ നിന്ന് ആറു തവണ വിജയിച്ചിട്ടുള്ള മുൻ മുഖ്യമന്ത്രി ഷെട്ടാറിനോട് മാറിനിൽക്കാൻ നിർദേശിച്ചത്. മാറിനിൽക്കണമെങ്കിൽ രണ്ടു മാസം മുൻപേ പറയേണ്ടിയിരുന്നെന്നാണു ഷെട്ടാറിന്റെ മറുപടി. താൻ മത്സരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ശിവമൊഗ്ഗയിൽ ഈശ്വരപ്പയ്ക്കു പകരം പുതുമുഖത്തെ അവതരിപ്പിക്കാനാണ് പാർട്ടിയുടെ ആലോചന. ഇതോടെയാണ് യെദിയൂരപ്പയ്ക്കൊപ്പം പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഈശ്വരപ്പ താൻ മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു വിരമിക്കുന്നതായി നഡ്ഡയെ അറിയിച്ചെന്നും ഈശ്വരപ്പ പറഞ്ഞു. എഴുപത്തിനാലുകാരനായ ഈശ്വരപ്പയ്ക്ക് പാർട്ടിയുടെ അനൗദ്യോഗിക വിരമിക്കൽ പ്രായം 75 ലേക്ക് അടുക്കുന്നതിനാലാണു സീറ്റ് നിഷേധിച്ചതെന്നാണു സൂചന. താനില്ലെങ്കിൽ മകൻ കണ്ഠേഷിന് സീറ്റ് നൽകണമെന്നാണ് യെദിയൂരപ്പയുടെ താത്പര്യം. ബംഗളൂരുവിൽ നിന്നുള്ള ഒരു എംഎൽഎയെയും മൈസൂരുവിൽ നിന്നുള്ള ഒരു എംഎൽഎയെയും ഇത്തവണ മാറ്റിനിർത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും മാറ്റിനിർത്തിയുള്ള തന്ത്രമാണു ബിജെപി പരീക്ഷിച്ചു വിജയിച്ചത്. കർണാടകയിലും ഇത് ആവർത്തിക്കാനാണ് നേതൃത്വത്തിന്റെ താത്പര്യം. എന്നാൽ, വ്യക്തികൾക്കു പാർട്ടിയെക്കാൾ സ്വാധീനമുള്ള മണ്ഡലങ്ങളുള്ള കർണാടകയിൽ ഇതു പ്രായോഗികമല്ലെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ വാദം.