കോൽക്കത്ത: സന്ദേശ്ഖാലിയിലെ സംഭവങ്ങൾ പശ്ചിമ ബംഗാളിനെയും തൃണമൂൽ കോൺഗ്രസിനെയും അപമാനിക്കാൻ ബിജെപി ആസൂത്രണം ചെയ്തതാണെന്നു മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ നേതാക്കൾക്കെതിരേ ബിജെപി കെട്ടിച്ചമച്ച ആരോപണങ്ങളാണത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയൊ ക്ലിപ്പുകൾ ഇക്കാര്യം ശരിവയ്ക്കുന്നുണ്ടെന്നും മമത പറഞ്ഞു.
സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബിജെപി മണ്ഡൽ പ്രസിഡന്‍റ് ഗംഗാധർ കയാൽ പറയുന്നതായി വിഡിയൊ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസ് നേതൃത്വം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയൊ ക്ലിപ്പുകളുടെ ആധികാരികത പക്ഷേ ഉറപ്പിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ സന്ദേശ്ഖാലിയിലെ വീട്ടിൽ നിന്നു കണ്ടെടുത്ത ആയുധങ്ങൾ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കൊണ്ടുവച്ചതാണെന്നും വിഡിയൊയിലുണ്ട്.
എന്നാൽ, ഇത്തരം വാദങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. ബിജെപിയല്ല, സന്ദേശ്ഖാലിയിലെ സാധാരണക്കാരായ ജനങ്ങളാണു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതെന്നും ഘോഷ് കൂട്ടിച്ചേർത്തു.
വിഡിയൊ കൃത്രിമമാണെന്നു ചൂണ്ടിക്കാട്ടി ഗംഗാധർ കയാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അധികാരി പറഞ്ഞു. എഐ ഉപയോഗിച്ചു തയാറാക്കിയതാണു വിഡിയൊ എന്നും ബിജെപി.