വിദ്വേഷ പ്രസംഗം നടത്തിയവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കി ബിജെപി

മലെഗാവ് സ്ഫോടനക്കേസ് പ്രതിയും തീപ്പൊരി നേതാവുമായ പ്രഗ്യാ സിങ് ഠാക്കുർ, ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളായ പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിധുരി എന്നിവർക്കാണു സീറ്റ് നിഷേധിക്കപ്പെട്ടത്
പ്രഗ്യ സിങ് ഠാക്കൂർ
പ്രഗ്യ സിങ് ഠാക്കൂർ
Updated on

ന്യൂഡല്‍ഹി: ആദ്യ സ്ഥാനാർഥിപ്പട്ടിക പ്ര‌സിദ്ധീകരിക്കുമ്പോൾ ബിജെപി കേന്ദ്ര നേതൃത്വം നൽകുന്നത് വിദ്വേഷപ്രസംഗം പതിവാക്കിയവർക്ക് ഇനി പാർട്ടി നേതൃത്വത്തിൽ സ്ഥാനമുണ്ടാവില്ലെന്ന സന്ദേശം. മലെഗാവ് സ്ഫോടനക്കേസ് പ്രതിയും തീപ്പൊരി നേതാവുമായ പ്രഗ്യാ സിങ് ഠാക്കുർ, ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളായ പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിധുരി എന്നിവർക്കാണു സീറ്റ് നിഷേധിക്കപ്പെട്ടത്. പാര്‍ലമെന്‍റിന് അകത്തും പുറത്തും വിവാദ പരാമര്‍ശങ്ങളിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കിയവരാണ് മൂവരും.

2008ലെ മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ അനാരോഗ്യത്തിന്‍റെ പേരിലാണു ജയിൽ മോചിതയായത്. എന്നാൽ, ഇവർ കബഡികളിക്കുന്നതിന്‍റെയും ഗർബ നൃത്തത്തിൽ പങ്കെടുക്കുന്നതിന്‍റെയും വിഡിയൊ ദൃശ്യങ്ങൾ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു.

നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചതും ബിജെപിയെ കുഴപ്പത്തിൽ ചാടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനെതിരേ രംഗത്തെത്തി. ഇത്തവണ പ്രഗ്യയുടെ മണ്ഡലമായ ഭോപ്പാലിലേക്ക് ആലോക് ശര്‍മയെ ആണ് പാര്‍ട്ടി നിയോഗിച്ചത്. സ്വന്തം നിയോജക മണ്ഡലത്തില്‍ സജീവമല്ലാത്തതും ഇവര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമായി.

പശ്ചിമ ഡല്‍ഹിയിലെ എംപി പര്‍വേസ് സാഹിബ് സിങ് വര്‍മ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. 2020ലെ ഡല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഷഹീന്‍ബാഗ് പ്രതിഷേധത്തെക്കുറിച്ച് പർവേസ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഡൽഹിയിൽ ബിജെപിയാണ് അധികാരത്തിലെങ്കിൽ പ്രക്ഷോഭകരെ ഒരു മണിക്കൂറിനകം നീക്കം ചെയ്യുമായിരുന്നെന്നാണ് പർവേസ് പറഞ്ഞത്. മുസ്‌ലിംകളെ ബഹിഷ്കരിക്കണമെന്ന 2022ലെ പർവേസിന്‍റെ ആഹ്വാനവും ബിജെപി നേതൃത്വത്തിന് വിയോജിപ്പുണ്ടാക്കി.

അമ്രോഹ എംപി ഡാനിഷ് അലിക്കെതിരേ ലോക്സഭയിൽ നടത്തിയ വിദ്വേഷ പരാമർശമാണ് രമേഷ് ബിധുരിക്ക് തിരിച്ചടിയായത്. ഇദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞെങ്കിലും നേതൃത്വത്തിന് തൃപ്തിയില്ലെന്നാണു സൂചന. ഡൽഹിയിലെ മുതിർന്ന നേതാക്കളാ‌ും സിറ്റിങ് എംപിമാരുമായ മീനാക്ഷി ലേഖിക്കും ഹര്‍ഷവര്‍ധനും സീറ്റ് ലഭിച്ചിട്ടില്ല. മീനാക്ഷി ലേഖി സംഘടനാ രംഗത്തേക്ക് മടങ്ങുമെന്നാണു കരുതുന്നത്. ഹർഷവർധൻ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.