ചെന്നൈ: തമിഴ്നാട്ടിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്‍റെ വിഡിയൊ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മാപ്പു പറഞ്ഞു. വിഡിയൊ ദൃശ്യം ഡിഎംകെയും കോൺഗ്രസുമടക്കം പ്രതിപക്ഷത്തിന് "ബിജെപിയെ അടിക്കാനുള്ള വടിയായി' മാറിയതോടെയാണ് അണ്ണാമലൈയുടെ ക്ഷമാപണം.
12ന് കോയമ്പത്തൂരിൽ നിർമല സീതാരാമൻ വ്യാപാരികളുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നായിരുന്നു വിവാദ ദൃശ്യം. ധനമന്ത്രി പങ്കെടുത്ത യോഗത്തിൽ അന്നപൂർണ ഉടമ ശ്രീനിവാസൻ ജിഎസ്ടിയിലെ വൈരുധ്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ""ബണ്ണിന് ജിഎസ്ടി ഇല്ല. എന്നാൽ, ക്രീം ഉള്ള ബണ്ണിന് 18 ശതമാനം ജിഎസ്ടി. ഹോട്ടലിലെത്തുന്നവർ, പ്രത്യേകിച്ച കുടുംബമായി വരുന്നവർ പറയും, ബണ്ണും ക്രീമും വെവ്വേറെ തന്നോളു ഞങ്ങൾ അതു ചേർത്ത് കഴിച്ചോളാമെന്ന്. മധുര പലഹാരങ്ങൾക്ക് അഞ്ചു ശതമാനവും ഉപ്പുള്ള വറുത്ത പലഹാരങ്ങൾക്ക് 12 ശതമാനവുമാണ് ജിഎസ്ടി. ഉത്തരേന്ത്യയ്ക്ക് പ്രിയം മധുരമായതിനാലാണ് ഈ വിവേചനമെന്നാണ് പറയുന്നത്. ഞങ്ങൾ തമിഴരും ഇതെല്ലാം കഴിക്കുന്നവരാണ്. ദയവായി ജിഎസ്ടി ഏകീകരിക്കണം''- അൽപ്പം തമാശയോടെ ശ്രീനിവാസൻ മന്ത്രിയോട് പറയുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ശ്രീനിവാസൻ പറഞ്ഞതിൽ കാര്യമുണ്ടെന്നും ജിഎസ്ടി കൗൺസിൽ ഇതു പരിഗണിക്കുമെന്നും നിർമല സീതാരാമൻ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനു പിന്നാലെ കോയമ്പത്തൂരിലെ ബിജെപി എംഎൽഎ വാനതി ശ്രീനിവാസനൊപ്പം നിർമലയെ കണ്ട ഹോട്ടലുടമ ശ്രീനിവാസൻ തനിക്ക് ഒരു രാഷ്‌ട്രീയ കക്ഷിയുമായും ബന്ധമില്ലെന്നും യോഗത്തിൽ തുറന്നടിച്ചതിൽ ക്ഷമിക്കണമെന്നും പറയുന്ന വിഡിയൊ ദൃശ്യമാണ് അണ്ണാമലൈ പങ്കുവച്ചത്. ബിജെപി നേതൃത്വം വ്യാപാരികളെ ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഡിഎംകെയും കോൺഗ്രസും രംഗത്തെത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ വിമർശനമുയർത്തിയതോടെയാണ് അണ്ണാമലൈയുടെ മാപ്പ്. സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് തനിക്കു പറ്റിയ പിഴവാണെന്നും ശ്രീനിവാസനോടു നേരിട്ടു ക്ഷമ ചോദിച്ചെന്നും അണ്ണാമലൈ പറഞ്ഞു.