ന്യൂഡൽഹി: ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 239 പേരുമായി യാത്ര തിരിച്ച വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ഡൽഹിയിൽ ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റി പരിശോധന നടത്തുകയാണ്.
നിലവിൽ ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിലാണ് വിമാനമുള്ളത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. എക്സിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിൽ നിന്നും ജിദ്ദയിലേക്കും മസ്ക്റ്റിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ട്.
മുംബൈ- ഹൗറ മെയിൽ ട്രെയിനിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ജിദ്ദയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷാ പരിശോധനകൾക്കു ശേഷം വൈകി പുറപ്പെട്ടു. മുംബൈ-ഹൗറ ട്രെയിനിലും പരിശോധന നടതതി. സംശയകരമായ സാഹചര്യത്തിൽ യാതൊന്നും കണ്ടെത്തിയിട്ടില്ല.