ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാര്യമായ ചലനമുണ്ടാക്കാനായില്ലെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസം. മഹാരാഷ്ട്രയിൽ ബിജെപിയുടെ കുത്തക മണ്ഡലം കസബ പേട്ട് പിടിച്ചെടുത്ത കോൺഗ്രസ് പശ്ചിമ ബംഗാളിലെ സഗർദിഘിയിൽ വിജയിച്ച് സംസ്ഥാന നിയമസഭയിൽ അംഗത്വം നേടി. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും കോൺഗ്രസ് വിജയിച്ചു. അതേസമയം, അരുണാചൽ പ്രദേശിലെ ലുംലയിലും മഹാരാഷ്ട്രയിലെ ചിഞ്ച്വാഡിലും ബിജെപി വിജയിച്ചു. ഝാർഖണ്ഡിലെ രാംഗഡിൽ ബിജെപി സഖ്യകക്ഷി എജെഎസ്യുവിനാണു വിജയം.
മഹാരാഷ്ട്ര
1995മുതൽ ബി ജെ പി ജയിക്കുന്ന മണ്ഡലമാണു മഹാരാഷ്ട്രയിലെ കസബ പേട്ട്. ബിജെപി എംഎൽഎ മുക്ത തിലകിന്റെ മരണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണു മണ്ഡലം 10000ലേറെ വോട്ടുകൾക്കു കോൺഗ്രസ് പിടിച്ചെടുത്തത്. രവീന്ദ്ര ധൻകേക്കർ ആണു കോൺഗ്രസ് സ്ഥാനാർഥി. ബിജെപിയുടെ ഹേമന്ത് റസാനെയെ ആണ് ധൻകേക്കർ പരാജയപ്പെടുത്തിയത്. ശിവസേനയുടെ പേരും ചിഹ്നവുമുൾപ്പെടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിനു ലഭിച്ചതിനു പിന്നാലെയാണു ഭരണസഖ്യത്തിന് ഞെട്ടിക്കുന്ന പരാജയം.
അതേസമയം ചിഞ്ച്വാഡിൽ അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗ്തപിന്റെ ഭാര്യ അശ്വനി ജഗ്തപ് 36000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു മണ്ഡലം നിലനിർത്തിയത് ബിജെപി- ശിവസേന സഖ്യത്തിന് ആശ്വാസമായി.
തമിഴ്നാട്
ഈറോഡ് ഈസ്റ്റിൽ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് അണ്ണാ ഡിഎംകെയുടെ കെ. എസ്. തേനരശിനെ കോൺഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവൻ പരാജയപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനി സ്വാമിക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഫലമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. 2024 ലെ ലോക്സഭ തെരഞ്ഞെടുമ്പിന് മുൻപുള്ള ഒരു ഉദാഹരണം മാത്രമാണ് ഈ വിജയമെന്ന് ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. അണ്ണാ ഡിഎംകെയിൽ ഒ. പനീർശെൽവം, എടപ്പാടി കെ. പളനിസ്വാമി വിഭാഗങ്ങൾ പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപി ഇടപെട്ട് ഒപിഎസിന്റെ സ്ഥാനാർഥിയെ പിൻവലിപ്പിച്ചിരുന്നു.
പശ്ചിമ ബംഗാൾ
തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് പശ്ചിമ ബംഗാളിൽ കോൺഗ്രസിന്റെ വിജയം. തൃണമൂൽ എംഎൽഎ സുബ്രത സാഹയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന സാഗർദിഘിയിൽ കോൺഗ്രസ് സ്ഥാനാർഥി ബെയ്റൺ ബിശ്വാസിന് തൃണമൂലിന്റെ ദേബാശിഷ് മുഖർജിയെക്കാൾ 22000ലേറെ വോട്ടുകൾ അധികമായി ലഭിച്ചു. ബിജെപിയുടെ ദിലീപ് സാഹയാണു മൂന്നാം സ്ഥാനത്ത്. തൃണമൂലിന്റെ ശക്തികേന്ദ്രമായ മുർഷിദാബാദിൽ കോൺഗ്രസിന്റെ വിജയം മുഖ്യമന്ത്രി മമത ബാനർജിയെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസും സിപിഎമ്മും ബിജെപിയും ചേർന്ന അവിശുദ്ധ സഖ്യമാണു വിജയിച്ചതെന്ന് മമത കുറ്റപ്പെടുത്തി.
അരുണാചൽ പ്രദേശ്
ബി ജെ പി എംഎൽഎ ജാംബെ ടോഷിന്റെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന അരുണാചലിലെ ലുംലയിൽ ബിജെപിയുടെ ഷെറിങ് ലംബുവാണ് വിജയിച്ചത്. ഏകപക്ഷീയമായിരുന്നു ലംബുവിന്റെ വിജയം.
ഝാർഖണ്ഡ്
സംസ്ഥാനത്തെ രാംഗഡിൽ ബിജെപി സഖ്യകക്ഷി എജെഎസ്യുവിനാണു വിജയം. എജെഎസ്യുവിന്റെ സുനിത ചൗധരി ഭരണസഖ്യമായ യുപിഎയുടെ കോൺഗ്രസ് സ്ഥാനാർഥി ബജ്റംഗ് മഹാതോയെ 21970 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ജെഎംഎം- കോൺഗ്രസ് സഖ്യത്തിന് മുന്നറിയിപ്പാണു തെരഞ്ഞെടുപ്പു ഫലം.