വിഘടനവാദിയുടെ കൊലപാതകം: ഇന്ത്യയ്ക്ക് തെളിവു കൈമാറിയിരുന്നെന്ന് ട്രൂഡോ

എന്നാൽ, ട്രൂഡോ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
Updated on

ടൊറന്‍റോ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്കു മുൻപേ ഇന്ത്യയ്ക്ക് തെളിവുകൾ കൈമാറിയിരുന്നെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ കണ്ടു പ്രതികരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. എന്നാൽ, കൈമാറിയ തെളിവുകളെക്കുറിച്ചു വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല.

എന്നാൽ, ട്രൂഡോ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെളിവു നൽകിയാൽ പരിശോധിക്കാൻ തയാറാണെന്നും വിദേശകാര്യ മെന്ത്രാലയം.

നിജ്ജർ വധത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണത്തെത്തുടർന്ന് ഇരുരാഷ്‌ട്രങ്ങളും തമ്മിൽ നയതന്ത്രയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ട്രൂഡോ വാദം ആവർത്തിച്ചത്. ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഇന്‍റലിജൻസ് അറിവുകൾ ക്യാനഡയുമായി പങ്കുവച്ചിരുന്നെന്ന് ഒട്ടാവയിലെ യുഎസ് അംബാസഡർ ഡേവിഡ് കൊഹൻ പറഞ്ഞു.

ക്യാനഡയും യുഎസും യുകെയുമുൾപ്പെടുന്ന അഞ്ചംഗ സംഖ്യത്തിന്‍റെ ഭാഗമായാണു വിവരം പങ്കുവച്ചതെന്നും യുഎസ് അംബാസഡർ. ക്യാനഡയുമായി ഇതുസംബന്ധിച്ച് വിവരം പങ്കുവച്ചെന്നു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ട്രുഡോയുടെ ആരോപണം ഗൗരവമുള്ളതും ആശങ്കയുളവാക്കുന്നതുമാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടരി ആന്‍റണി ബ്ലിങ്കൽ പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി ഇക്കാര്യത്തിൽ നേരിട്ട് സംസാരിച്ചുവരികയാണെന്നു പറഞ്ഞ ബ്ലിങ്കൻ, ഡൽഹിക്കെതിരായ പരാമർശങ്ങൾക്കു തയാറായില്ല.

Trending

No stories found.

Latest News

No stories found.