ദിസ്‌പൂർ: അസമിൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കിൽ നിന്ന് കാർ മറിഞ്ഞ് അഞ്ച് വയസുള്ള കുട്ടിയടക്കം നാല് പേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച 6 പേരടങ്ങുന്ന കുടുംബം അസമിലെ തിൻസൂക്കിയയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ബിഹാറിൽ നിന്ന് എത്തിയതായിരുന്നു. അതിനിടെയാണ് തിൻസൂക്കിയ-ദിബ്രുഗഢ് റൂട്ടിൽ ദിഹിൻഗിയ ഗാവോണിലെ ബൈപാസിൽ പുലർച്ചെ നാല് മണിയോടെ അപകടം സംഭവിച്ചത്.
ദിബ്രുഗഡിൽ നിന്ന് തിൻസൂക്കിയയിലേക്ക് പോവുകയായിരുന്ന കാർ പെട്ടെന്ന് റോഡിൽ നിന്ന് തെന്നിമാറി നിർമാണത്തിലിരിക്കുന്ന കലുങ്കിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 2 കുടുംബാംഗങ്ങളെ ചികിത്സയ്ക്കായി ദിബ്രുഗഡിലെ അസം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കൂടാതെ മരണപ്പെട്ടവർക്ക് 40-45 വയസ് പ്രായമുള്ളതായി കണക്കാകുന്നു. മോഹൻ ഷാ, രാജേഷ് ഗുപ്ത, മോണ്ടു ഷാ, കുട്ടി അർത്ഥവ് ഗുപ്ത എന്നിവരാണ് മരിച്ചത്. മൂടൽമഞ്ഞ് കാരണം റോഡ് വ‍്യക്തമാകാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ‍്യക്തമാക്കി.