ന്യൂഡൽഹി: മികച്ച കാർട്ടൂൺ അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഇത്തവണ നേടിയ "കണ്ടിട്ടുണ്ട് ' എന്ന മലയാള ചിത്രത്തിന്റെ നായകനും നിർമാതാവും സംവിധായികയും പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയത് ഏറെ കൗതുകമുണർത്തി.
94 വയസുള്ള നായകൻ പി.കെ. കേശവപ്പണിക്കരുടെ മകനാണ് ചിത്രത്തിന്റെ നിർമാതാവായ സുരേഷ് ഏറിയാട്ട്. പ്രശസ്ത അനിമേറ്ററായ മകന്റെ കൈപിടിച്ച് "പണിക്കരേട്ടൻ' എത്തിയപ്പോൾ, സംവിധായിക അതിഥി കൃഷ്ണദാസ് വന്നത് മാതാപിതാക്കളായ കെ. കൃഷ്ണദാസിന്റെയും ആർ. മിനായുടെയുമൊപ്പം. മൂവരും ഇന്നലെ കേരള ഹൗസിൽ താരങ്ങളായി. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
ആലപ്പുഴ ചേർത്തലയിലെ പ്രദേശങ്ങളിൽ കറങ്ങിനടന്നിട്ടുള്ള പ്രേതങ്ങളെയും ഭൂതങ്ങളെയും താൻ കണ്ടിട്ടുണ്ട് എന്ന് സാക്ഷ്യം പറയുന്ന പണിക്കരേട്ടൻ. "കണ്ടിട്ടുണ്ട് ' എന്ന 12 മിനുറ്റ് ചിത്രത്തിലൂടെ യുവതലമുറയ്ക്കു പോലും കഥപറച്ചിലിൽ അദ്ദേഹം പ്രിയപ്പെട്ടവനാകുന്നു. ആനമറുത, തെണ്ടൻ, അറുകൊല, കുട്ടിച്ചാത്തൻ... മിത്തും യാഥാർഥ്യവും ഇഴുകിച്ചേർന്നതാണ് ഈ നോണ്‍ ഫീച്ചര്‍ അനിമേഷന്‍ ചിത്രം.
ആസ്വാദകര്‍ക്ക് അസാധാരണ അനുഭവം പകര്‍ന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍ ആയിരുന്നു. തിരുവനന്തപുരത്ത് നടന്ന 2021ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഒട്ടേറെ രാജ്യാന്തര മേളകളിലുമടക്കം ഈ ചിത്രമെത്തി അവാർഡുകൾ നേടി.
തൃപ്പൂണിത്തുറ സ്വദേശിയായ സുരേഷ് ഏറിയാട്ടിന്റെ ഉടമസ്ഥതയിലുള്ള ഈക്സോറസിന്റെ ബാനറിലാണ് അദിതി ഈ ചിത്രം സംവിധാനം ചെയ്തത്. മുതിർന്ന മാധ്യമപ്രവർത്തകനാണ് അദിതിയുടെ അച്ഛൻ കൃഷ്ണദാസ്. അമ്മ മിനാ അധ്യാപിക. ഇളയ സഹോദരി അരുന്ധതി കൃഷ്ണദാസ് ഡൽഹിയിൽ അഭിഭാഷക.