വാംഖഡെയെ കുടുക്കി വിദേശയാത്രകളും ആഡംബര വാച്ചുകളും

ലഹരി മരുന്നു കേസിൽ ഗൂഢാലോചനയെന്നും സിബിഐ
വാംഖഡെയെ കുടുക്കി വിദേശയാത്രകളും ആഡംബര വാച്ചുകളും
Updated on

ന്യൂഡൽഹി: അഴിമതിക്കേസിൽ എൻസിബി മുൻ ഓഫിസർ സമീർ വാംഖഡെയെ കുടുക്കി വിദേശയാത്രകളും ആഡംബര വാച്ചുകളും. പല ചോദ്യങ്ങളുടെയും ഉത്തരത്തിൽ വ്യക്തതയില്ലെന്നും സിബിഐ പുറത്തു വിട്ട എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ എഫ്ഐആർ തിങ്കളാഴ്ചയാണ് സിബിഐ പുറത്തു വിട്ടത്. ആര്യൻ ഖാനെ കേസിൽ പെടുത്താതിരിക്കാനായി ഷാരൂഖ് ഖാനോട് 25കോടി രൂപ ആവശ്യപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിബിഐ വാംഖഡെയ്ക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്തത്.

ലഹരിമരുന്നു കേസിൽ സാക്ഷിയായ കെ പി ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തി ആര്യൻ ഖാനെ കേസിൽ പെടുത്താതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടുവെന്നും 18 കോടി രൂപയ്ക്ക് ധാരണയായെന്നും ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്നു വാംഖഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

വിദേശയാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ വാംഖഡെയ്ക്ക് സാധിച്ചിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം ( എസ്ഇടി) കണ്ടെത്തിയിരുന്നു. ഇക്കാര്യവും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശയാത്രയ്ക്കായുള്ള ചെലവിന്‍റെ സ്രോതസുകളെ കുറിച്ച് വ്യക്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. അതു മാത്രമല്ല വിലയേറിയ ആഡംബര വാച്ചുകൾ അദ്ദേഹം വാങ്ങുകയും വിൽക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം എഫ്ഐ ആറിൽ പരാമർശിച്ചിട്ടുണ്ട്.

2021 ഒക്റ്റോബർ രണ്ടിനാണ് ആഡംബര കപ്പലായ കോർഡേലിയയിൽ നടത്തിയ റെയ്ഡിൽ ലഹരിമരുന്നുമായി ആര്യൻ ഖാൻ അടക്കമുള്ളവർ പിടിയിലാകുന്നത്. കേസിൽ പിന്നീട് സ്വതന്ത്ര സാക്ഷികളായി എൻസിബി രേഖപ്പെടുത്തിയ കെ പി ഗോസാവി, പ്രഭാകർ സെയിൽ എന്നിവരെ സംഘത്തിൽ ചേർത്തത് വാംഖഡെയുടെ നിർദേശപ്രകാരമായിരുന്നുവെന്നും എഫ്ഐ ആറിൽ ഉണ്ട്. റെയ്ഡിനു ശേഷം ആര്യൻ ഖാനെയും മറ്റു കുറ്റാരോപിതരെയും ഗോസാവിയുടെ സ്വകാര്യ വാഹനത്തിലാണ് എൻസിബി ഓഫിസിലെത്തിച്ചത്. സൂപ്പർ വൈസറി ഓഫിസർ എന്ന നിലയിൽ ഗോസാവിയെയും പ്രഭാകർ സെയിലിനെയും പ്രധാന സാക്ഷികളാക്കാൻ നിർദേശിച്ചതും വാഖഡെ ആയിരുന്നു. ഗോസാവിക്ക് കുറ്റാരോപിതരെ കൈകാര്യം ചെയ്യുന്നതിനുള്ള അനുവാദം നൽകുകയും ചെയ്തു. എൻസിബി ഓഫിസർമാർ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് ഇരുവരും പെരുമാറിയിരുന്നതെന്നും ഗൂഢാലോചന നടത്താനും പണം ചോദിക്കാനുമുള്ള അവസരം ലഭിക്കാനായിരുന്നു ഇത്തരത്തിലുള്ള നീക്കമെന്നുമാണ് കണ്ടെത്തൽ.

ഒക്റ്റോബർ 3 നാണ് ആര്യൻ ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 25 ദിവസം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കുകയായിരുന്നു.

അതു മാത്രമല്ല ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ഇൻഫോർമേഷൻ നോട്ടിൽ ചില പേരുകൾ ഒഴിവാക്കിയതും ചില പേരുകൾ കൂട്ടിച്ചേർത്തതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 27 പേരുകളാണ് ആദ്യത്തെ നോട്ടിൽ ഉണ്ടായിരുന്നത്. പിന്നീട് അത് 10 ആയി ചുരുങ്ങി. ഗൂഢാലോചന ആരോപിച്ച് വാംഖെഡെയെ കൂടാതെ വിശ്വ വിജയ് സിങ്, ഇന്‍റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ പി ഗോസാവി, സാൻ വിൽ ഡിസൂസ എന്നിവർക്കെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.