സന്ദേശ്ഖാലി സംഘർഷം: ഷാജഹാൻ ഷെയ്ഖിനെ സിബിഐ ക്കു കൈമാറിയില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേന്ദ്ര സർക്കാരുമായി മമത ബാനർജി സർക്കാർ പുതിയ ഏറ്റുമുട്ടലിന് വഴിതുറന്നത്.
sheikh shahjahan
sheikh shahjahan
Updated on

കോൽക്കത്ത: സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി കൽക്കട്ട ഹൈക്കോടതി ഉത്തരവ് അവഗണിച്ച് പശ്ചിമബംഗാൾ സർക്കാർ. അറസ്റ്റിലായ പ്രതി ഷാജഹാൻ ഷെയ്ഖിനെയും കേസുമായി ബന്ധപ്പെട്ട രേഖകളും ചൊവ്വാഴ്ച വൈകിട്ടു നാലരയ്ക്കുള്ളിൽ കേന്ദ്ര ഏജൻസിക്കു കൈമാറണമെന്ന ഉത്തരവിനോടാണു മമത ബാനർജി സർക്കാർ മുഖം തിരിച്ചത്. രാത്രി ഏഴരയ്ക്ക് കോൽക്കത്തയിലെ പൊലീസ് ആസ്ഥാനത്തെത്തിയ സിബിഐ സംഘത്തിന് തൃണമൂൽ കോൺഗ്രസ് നേതാവുകൂടിയായ പ്രതിയെ കൈമാറാൻ പശ്ചിമ ബംഗാൾ സിഐഡി തയാറായില്ല. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ഏജൻസിയോട് പശ്ചിമ ബംഗാൾ പൊലീസിന്‍റെ മറുവാദം. ഇതോടെ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ മടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേന്ദ്ര സർക്കാരുമായി മമത ബാനർജി സർക്കാർ പുതിയ ഏറ്റുമുട്ടലിന് വഴിതുറന്നത്.

സന്ദേശ്ഖാലിയിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുക്കുന്നുവെന്ന കേസിൽ പ്രതിയാണു ഷാജഹാൻ ഷെയ്ഖ്. പശ്ചിമ ബംഗാളിലെ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ഒളിവിൽപ്പോയ ഇയാളെ ഹൈക്കോടതി കർശനമായ നിർദേശം നൽകിയതോടെയാണ് അറസ്റ്റ് ചെയ്തത്. 55 ദിവസം ഒളിവിൽ കഴിഞ്ഞിരുന്നു ഷാജഹാൻ ഷെയ്ഖ്. അറസ്റ്റ് രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപിയും ഇടതുപാർട്ടികളും കോൺഗ്രസും ആരോപിച്ചിരുന്നു.

കേസ് പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്‍റെ ബെഞ്ച് സംസ്ഥാന പൊലീസിനെതിരേ അതിരൂക്ഷമായ വിമർശനമാണു നടത്തിയത്. പൊലീസ് അന്വേഷണം പക്ഷപാതപരമെന്നും നീതിപൂർവവും സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടക്കാൻ കേസ് സിബിഐക്കു വിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വൈകിട്ട് നാലരയ്ക്ക് പ്രതിയെ കേന്ദ്ര ഏജൻസിക്കു കൈമാറാൻ നിർദേശിച്ചത്. ഇതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. പകരം രജിസ്ട്രാർ ജനറലിനു നൽകാനായിരുന്നു നിർദേശം. കേന്ദ്ര ഏജൻസികൾ പക്ഷപാതപരമായി നടപടിയെടുക്കുന്നുവന്നാണ് ഇന്നലെ മമതയുടെ പ്രതികരണം.

2021ൽ നാരദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാരും കോൽക്കത്ത മുൻ മേയറുമുൾപ്പെടെ നാലു തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോൾ സിബിഐ ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു മമത.

Trending

No stories found.

Latest News

No stories found.