ന്യൂഡൽഹി: കേരള സർക്കാരിന്‍റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ. വാസുകിക്ക് നൽകിയതിൽ മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നും അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപെടരുതെന്നും വ്യക്തമാക്കിയ കേന്ദ്രം വിദേശ കാര്യം തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും വ്യക്തമാക്കി.
വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് കേന്ദ്രം നടത്തിയത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ച് ഉത്തരവിറക്കിയത്. ഇത് വിവാദമായപ്പോൾ വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു വിശദീകരിച്ചു. സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതല, അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.