നോയിഡ: പ്രണയത്തിന്റെ പേരിൽ അനധികൃതമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിന്റെ പശ്ചാത്തലത്തെക്കുറിച്ചു സംശയങ്ങളേറിയതോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും. നോയിഡ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.
സീമയെയും ഗ്രേറ്റർ നോയിഡ സ്വദേശിയായ കാമുകൻ സച്ചിൻ മീണയെയും കഴിഞ്ഞ ദിവസം യുപി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ചോദ്യം ചെയ്തിരുന്നു. ഇതിനു സമാന്തരമായാണു നോയിഡ പൊലീസിന്റെ അന്വേഷണം. സീമ പാക്കിസ്ഥാന്റെ രഹസ്യ ഏജന്റാണെന്നാണ് സംശയം.
സീമയ്ക്ക് ആധാർ കാർഡ് ലഭിക്കാൻ സച്ചിൻ ഏത് ഐഡി കാർഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം പൂർത്തിയായശേഷമേ കുറ്റപത്രം നൽകൂ.
പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ സീമ നാലു മക്കളെയും കൂട്ടി മേയ് 13ന് നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയത്. അനധികൃതമായി രാജ്യത്തു കടന്നതിന് സീമയെയും അവരെ ഇവിടെ താമസിപ്പിച്ചതിനു സച്ചിനെയും കഴിഞ്ഞ നാലിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് കോടതി ജാമ്യം നൽകി. താനിനി പാക്കിസ്ഥാനിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും സച്ചിനൊപ്പം ജീവിക്കണമെന്നും സീമ പറഞ്ഞിരുന്നു. താൻ ഹിന്ദു മതം സ്വീകരിച്ചെന്നും അവർ പറഞ്ഞു. തിരികെയെത്തിയാൽ സീമയെയും മക്കളെയും സ്വീകരിക്കാൻ തയാറെന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ആദ്യ ഭർത്താവ് ഗുലാം ഹൈദർ പറഞ്ഞെങ്കിലും ഇനി മടക്കമില്ലെന്നും പാക്കിസ്ഥാനിലേക്ക് അയച്ചാൽ താൻ കൊല്ലപ്പെടുമെന്നുമായിരുന്നു സീമയുടെ മറുപടി. സീമ ഇന്ത്യയിലെത്തിയത് ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ആളുമായുണ്ടായ പ്രണയത്തിന്റെ പേരിലാണെന്നു പാക് ഇന്റലിജൻസ് ഏജൻസികളും പറയുന്നു.
അതേസമയം, സീമയെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകളുണ്ടെന്നു കണ്ടതോടെയാണ് ഇന്ത്യൻ ഏജൻസികൾ കൂടുതൽ അന്വേഷണത്തിനു തീരുമാനിച്ചത്. സീമയുടെ സഹോദരനും അമ്മാവനും പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരാണെന്നു കണ്ടെത്തിയിട്ടുണ്ട്. സീമയും സച്ചിനും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഹോട്ടലിൽ താമസിച്ചത് മറ്റൊരു പേരിലാണ്. കഴിഞ്ഞ മാർച്ചിൽ ഇരുവരും കാഠ്മണ്ഡുവിൽ ഹോട്ടലിൽ താമസിച്ചിരുന്നു. അന്നു കുട്ടികൾ കൂടെയില്ലായിരുന്നെന്നും കണ്ടെത്തി. ഗ്രാമീണ പശ്ചാത്തലമെന്ന് അവകാശപ്പെടുന്ന സീമയ്ക്ക് ഇംഗ്ലിഷ് ഉൾപ്പെടെ ഭാഷകളിലെ പ്രാവീണ്യവും വ്യത്യസ്ത പേരുകളിൽ വ്യാജ ഐഡി കാർഡുകളുള്ളതും ഇവരെക്കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്നുണ്ട്.