ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് കബളിക്കപ്പെട്ട് റഷ്യയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ ചില ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്‍റുമാർ റഷ്യൻ ഭാഷയിലുള്ള ചില കരാറുകളിൽ ഒപ്പിടുവിച്ചെന്നും കുടുംബങ്ങൾ പറഞ്ഞിരുന്നു.
അതേസമയം, റഷ്യയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍റുമാരുടെ കെണിയിൽ പെടരുതെന്ന് ജനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത് അത്യന്തം അപകടം നിറഞ്ഞതും ജീവന് ഭീഷണിയുണ്ടാക്കുന്നതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.