മുത്തലാഖ് വിനാശകരം; സ്ത്രീകളുടെഅവസ്ഥ പരിതാപകരമാകാൻ വഴിവച്ചു: കേന്ദ്രം

മുത്തലാഖ് നിരോധന നിയമത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
supreme court
മുത്തലാഖ് വിനാശകരം; സ്ത്രീകളുടെഅവസ്ഥ പരിതാപകരമാകാൻ വഴിവച്ചു: കേന്ദ്രം
Updated on

ന്യൂഡൽഹി: മുത്തലാഖിലൂടെയുള്ള വിവാഹമോചനം വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് വിനാശകരമെന്നു കേന്ദ്ര സർക്കാർ. മുസ്‌ലിം സ്ത്രീകളുടെ അവസ്ഥ പരിതാപകരമാകാൻ മുത്തലാഖ് വഴിവച്ചെന്നും കേന്ദ്രം. മുത്തലാഖ് നിരോധന നിയമത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമിയത്ത് ഉലമ ഇ ഹിന്ദും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുമാണു കേന്ദ്ര നിയമത്തിനെതിരേ പരമോന്നത കോടതിയെ സമീപിച്ചത്.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സുപ്രീം കോടതി വിധിക്കും പ്രായോഗിക തലത്തിൽ ഇത്തരം വിവാഹമോചനങ്ങളെ തടയാനായില്ലെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. മുത്തലാഖിന്‍റെ ഇരകൾ പൊലീസിനെ സമീപിക്കുമ്പോൾ നിയമ പിൻബലമില്ലാത്തതിനാൽ പ്രതികൾക്കെതിരേ നടപടിയെടുക്കാനായിരുന്നില്ല. ഈ സാഹചര്യത്തിൽ വിവാഹിതരായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാർലമെന്‍റ് അതിന്‍റെ അധികാരമുപയോഗിച്ചാണു നിയമം നിർമിച്ചത്. ഇപ്പോഴത്തെ നിയമം വിവാഹിതരായ മുസ്‌ലിം സ്ത്രീകൾക്കു ലിംനീതിയും തുല്യതയും ഉറപ്പുവരുത്തുന്നതുൾപ്പെടെ വിശാലമായ ഭരണഘടനാ ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നു. കൂടാതെ, ശാക്തീകരണം, വിവേചനത്തിൽ നിന്നുള്ള സംരക്ഷണം തുടങ്ങി മൗലികാവകാശങ്ങളും ഉറപ്പാക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2017 ഓഗസ്റ്റ് 22നാണു മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനും പ്രതികൾക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ഏർപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന നിയമം 2019ൽ പാർലമെന്‍റ് പാസാക്കി. ഇതിനെതിരേയാണ് മുസ്‌ലിം സംഘടനകൾ കോടതിയെ സമീപിച്ചത്. ഇതര മതവിഭാഗങ്ങളുടെ വിവാഹമോചനം സിവിൽ നിയമത്തിന്‍റെ പരിധിയിൽ തുടരുമ്പോൾ ഒരു വിഭാഗത്തിന് ഇതു ക്രിമിനൽ കുറ്റമാക്കുന്നത് വിവേചനമാണെന്നും ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

Trending

No stories found.

Latest News

No stories found.