ന്യൂഡൽഹി: കിലോയ്ക്ക് 140 രൂപ വരെ വിലയെത്തിയ തക്കാളി ഉപയോക്താക്കൾക്കു മിതമായ നിരക്കിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇന്നു മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) നാഫെഡിനും നിർദേശം നൽകി.
എൻസിസിഎഫും നാഫെഡും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുകയും 16 മുതൽ വില കിലോയ്ക്ക് 80 രൂപയായി കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ കിലോഗ്രാമിന് 70 രൂപയായി കുറച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.
കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിൽപ്പന വില പരമാവധി വർധിച്ച പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ ഒരേസമയം നൽകുന്നതിനായി ഉപഭോക്തൃകാര്യ വകുപ്പിന്റെ നിർദേശപ്രകാരം എൻസിസിഎഫും നാഫെഡും ആന്ധ്രാ പ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചന്തകളിൽ നിന്ന് തക്കാളി സംഭരിക്കാൻ ആരംഭിച്ചിരുന്നു.
ജൂലൈ 14 മുതലാണ് ഡൽഹി- ദേശീയ തലസ്ഥാന മേഖലയിൽ തക്കാളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചത്. 18 വരെ മൊത്തം 391 മെട്രിക് ടൺ തക്കാളി രണ്ട് ഏജൻസികളും സംഭരിച്ചിട്ടുണ്ട്. ഇത് ഡൽഹി- എൻസിആർ, രാജസ്ഥാൻ, യുപി, ബിഹാർ എന്നിവിടങ്ങളിലെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിതരണം ചെയ്യുന്നു.