ന്യൂഡൽഹി: 2019 മുതൽ ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ 70% കുറവ് വന്നതായി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ സഹിതം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് പാർലമെന്‍ററി കമ്മിറ്റിക്കു മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകുന്ന 370ാം അനുച്ഛേദം കേന്ദ്രം റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.
സിവിലിയൻ സുരക്ഷയാണ് മോദി സർക്കാറിന്‍റെ പ്രധാന പരിഗണനയെന്നും സുരക്ഷാ ഏജൻസികൾ അതിന് പരമാവധി ഊന്നൽ നൽകുന്നുണ്ടെന്നും ഗോവിന്ദ് മോഹൻ വ്യക്തമാക്കി. 2019 ല്‍ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളില്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിത് 14 ല്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചു.
സാധാരണക്കാരെ ലക്ഷ്യമിട്ട് 73 ആക്രമണങ്ങളാണ് 2019-ല്‍ സംസ്ഥാനത്ത് ഉണ്ടായത്. ഇപ്പോഴിത് 10ല്‍ താഴെയായി. 286 കേസുകളാണ് 2019ല്‍ ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 2024 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അത് 40 എണ്ണം മാത്രമാണ്.
2019-ല്‍ 96 ആക്രമണങ്ങളാണ് സുരക്ഷാ സേനയ്‌ക്കെതിരെ മാത്രം ഉണ്ടായത്. 2020-ല്‍ ഇത് 111 കേസുകളായി ഉയര്‍ന്നു. എന്നാല്‍, പിന്നീട് സുരക്ഷാസേനയ്‌ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഗണ്യമായി കുറയുന്ന കാഴ്ചയാണ് ഉണ്ടായത്.
2019-ല്‍ 77 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിച്ചത്. 2023-ലും 2024-ലും ഇത് 11 ആയി. മാത്രമല്ല ജമ്മുകശ്മീരിലേക്ക് ഉണ്ടാകുന്ന നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു. 2019ല്‍ 141 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കണ്ടെത്തിയത്. 2024ല്‍ അത് വെറും മൂന്നായി. ഭീകരവാദികളെ വധിക്കുന്ന കാര്യത്തിലും കുറവ് വന്നിട്ടുണ്ട്. 2019-ല്‍ ആകെ 149 ഭീകരവാദികളായാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി.
ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറയുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകളില്‍ അവകാശപ്പെടുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ രാജ്യത്തെ നക്‌സല്‍ ആക്രമണങ്ങളും കുത്തനെ കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് ഇപ്പോഴും തലവേദന സൃഷ്ടിക്കുന്നത് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത് തുടരുന്നതാണ്. ഇത് നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നും മന്ത്രാലയം പറയുന്നു.