ന്യൂഡൽഹി: ഡൽഹിയിലെ ഭരണപരമായ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെ കേന്ദ്രം പുനഃപരിശോധനാ ഹർജിയും നൽകി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉൾപ്പെടെ വിഷയങ്ങളിൽ അധികാരം സംസ്ഥാന സർക്കാരിനാണെന്ന കഴിഞ്ഞ 11ലെ വിധിയിൽ ഭരണഘടനാ ബെഞ്ചിന് ഗുരുതരമായ പിഴവുകൾ സംഭവിച്ചെന്ന് ആരോപിച്ചാണു ഹർജി. ഇതോടെ, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാരുമായി ഡൽഹിയിലെ അധികാരത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടൽ നീണ്ടുപോകുമെന്ന് ഉറപ്പായി.
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റം, നിയമനം വിജിലന്‍സ് തുടങ്ങിയ വിഷയങ്ങളിൽ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്കാൻ നാഷണല്‍ ക്യാപ്പിറ്റല്‍ സര്‍വീസ് അഥോറിറ്റി രൂപീകരിച്ച കേന്ദ്ര സർക്കാർ ഇതിനായി നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഒഫ് ഡല്‍ഹി (ജിഎന്‍സിടിഡി) നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉള്‍പ്പെടെ സേവന കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് എക്സിക്യൂട്ടിവ് അധികാരം നല്‍കുന്നതായിരുന്നു സുപ്രീം കോടതി വിധി. പൊലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെ അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നും മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
എന്നാൽ, ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള പ്രത്യേക പദവി കണക്കിലെടുത്ത്, പ്രാദേശികവും ദേശീയവുമായ ജനാധിപത്യ താത്പര്യങ്ങൾ സന്തുലിതമാക്കുന്നതിന് നിയമപ്രകാരം ഒരു ഭരണസംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്നാണ് പുതിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. ഉദ്യോ?ഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം, വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്കാന് ഡല്‍ഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സ്ഥിരം അഥോറിറ്റി രൂപീകരിക്കുന്നുവെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി, ജിഎന്‍സിടിഡി ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് പുതിയ അഥോറിറ്റി.
കേന്ദ്രത്തിനെതിരേ കെജ്രിവാൾ സർക്കാർ നടത്തുന്ന നിരന്തര ആക്രമണങ്ങളാണ് പുതിയ ഓർഡിനൻസിനു പ്രേരിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഡൽഹിയുടെ സവിശേഷ സാഹചര്യങ്ങളും സർക്കാർ പരിഗണിച്ചു. എഎപിയുടേതുപോലുള്ള സമീപനം മറ്റൊരു പാർട്ടി ഭരിക്കുമ്പോഴും ഡൽഹി സർക്കാരിൽ നിന്നുണ്ടായിട്ടില്ലെന്നാണു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. വിവിധ ലോകരാജ്യങ്ങളുടെ എംബസികളും അന്താരാഷ്ട്ര സംഘടനകളും ഡൽഹിയിൽ പ്രവർത്തിക്കുന്നതിനാൽ ഇവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഏകോപനം വേണമെന്നു മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസി ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും ഇവർ. ഓസ്ട്രേലിയ,ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലും സമാന സംവിധാനമാണു പ്രവർത്തിക്കുന്നത്.
സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനാണ് ഓർഡിനൻസ് എന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതിലെ അഴിമതി അന്വേഷിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വൈ.കെ. രാജശേഖറിനെ കെജ്രിവാൾ സർക്കാർ സ്ഥലം മാറ്റി. ഇത്തരം നടപടികൾ അംഗീകരിക്കാവുന്നതല്ല. എന്നാൽ, പുതിയ ഓർഡിനൻസിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്കു തന്നെയാണ് സ്ഥലംമാറ്റമുൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കാൻ അധികാരം നൽകിയിരിക്കുന്നതെന്നും രവിശങ്കർ പ്രസാദ്. അതേസമയം, കോടതിയിലെത്തിയാൽ അഞ്ചു മിനിറ്റ് പോലും ആയുസില്ലാത്തതാണ് ഓർഡിനൻസ് എന്ന് കെജ്രിവാൾ പ്രതികരിച്ചു.