ന്യൂഡൽഹി: ചന്ദ്രയാൻ 3ന്‍റെ വിജയം രാജ്യത്തിന്‍റെ ബൗദ്ധിക, നയതന്ത്ര, വാണിജ്യ, വ്യാപാര, ശാസ്ത്രമേഖലയിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ 'കാൽ കുത്തിയതോടെ' യുഎസും റഷ്യയും ചൈനയുമടക്കം രാജ്യങ്ങൾക്കുപോലും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു രാജ്യങ്ങളും ചന്ദ്രനിൽ പേടകമിറക്കിയിട്ടുണ്ടെങ്കിലും ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതു യാഥാർഥ്യമാക്കിയതോടെ
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യതയാണ് അരക്കിട്ടുറപ്പിച്ചത്. ബഹിരാകാശം ഇന്ന് പ്രധാന വാണിജ്യമേഖലകളിലൊന്നാണ്. വിക്ഷേപണത്തിനും പര്യവേക്ഷണത്തിനും സാങ്കേതികവിദ്യയുള്ള രാജ്യങ്ങളാകും ഈ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുക.
48600 കോടി യുഎസ് ഡോളറാണ് ഇപ്പോഴത്തെ ബഹിരാകാശ വാണിജ്യമേഖലയുടെ മൂല്യം. പത്തുവർഷത്തിനകം അത് 187900 കോടി ഉയരും. ഇന്ത്യയെ കാത്തിരിക്കുന്നത് വൻ സാധ്യതയാണെന്നു സാരം. ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 960 കോടി ഡോളറായിരുന്നത് 2025ൽ 1300 കോടി ഡോളറായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. ചന്ദ്രയാൻ3ന്‍റെ വിജയം ഈ കുതിപ്പിന് വേഗം നൽകും.
സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കും വൻ സാധ്യത തുറന്നുനൽകുന്നുണ്ട് ചന്ദ്രയാൻ 3. ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയെ സഹകരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്‍റെ പുതിയ നയത്തിൽ ആകൃഷ്ടരായി കഴിഞ്ഞവർഷം മാത്രം ഇന്ത്യയിൽ നൂറോളം സ്പെയ്സ് ടെക് സ്റ്റാർട്ടപ് കമ്പനികളാണ് ഇസ്രൊയിൽ രജിസ്റ്റർ ചെയ്തത്. 2014 മുതൽ 2023 വരെ 33 കരാറുകളിലൂടെ 1700 കോടി രൂപ നിക്ഷേപമെത്തി. ഇതു 2030 ആകുമ്പോൾ 64,000കോടിയിലേക്കെത്തുമെന്നു കരുതുന്നു.
മൂന്നാം ലോകരാജ്യങ്ങൾ വരെ സ്വന്തം ആവശ്യങ്ങൾക്ക് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ആഗ്രഹിക്കുമ്പോൾ ചെലവുകുറഞ്ഞ വിക്ഷേപണം സാധ്യമാക്കുന്ന ഇന്ത്യയുടെ താരമൂല്യം കൂടുതൽ ഉയരുന്നുവെന്നതും ശ്രദ്ധേയം.
ഇതിനൊപ്പമാണ് അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവയ്ക്ക് ഉപഗ്രഹസേവനം നൽകിയും അവരുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ മുന്നിട്ടിറങ്ങിയും ഇന്ത്യ നടത്തുന്ന നയതന്ത്രം.