ന്യൂ ഡൽഹി: ചന്ദ്രോപരിതലത്തിൽ സ്ലീപ് മോഡിൽ തുടരുന്ന ചന്ദ്രയാൻ 3 ലാൻഡറിന്‍റെ ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. ഡ്യുവൽ ഫ്രീക്വൻസ് സിന്തൻസ് അപർച്വർ റഡാർ പേലോഡാണ് ചിത്രം പകർത്തിയത്. സെപ്റ്റംബർ 6ന് പകർത്തിയ ചിത്രം ഇസ്രൊ എക്സിലൂടെ പങ്കു വച്ചു. 2019 ലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങുന്നതിൽ പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ 3 ലാൻഡർ രാത്രി ആരംഭിച്ചതോടെ താത്കാലിമായി സ്ലീപ് മോഡിലാണ്. ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്. നിലവിൽ ലാൻഡറും റോവറും പ്രവർത്തന രഹിതമാണെങ്കിലും റിസീവറുകൾ പ്രവർത്തിക്കുന്നുണ്ട്. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ പകൽ ആരംഭിക്കുന്നതോടെ ലാൻഡറും റോവറും വീണ്ടും പ്രവർത്തിപ്പിക്കാൻ ആകും എന്നാണ് ഇസ്രൊയുടെ പ്രതീക്ഷ.