ന്യൂഡൽഹി: ചീറ്റാ പ്രോജക്റ്റ് പ്രകാരം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കു കൊണ്ടു വന്ന ചീറ്റകൾക്കിനി കുനോ ദേശീയോദ്യാനത്തിൽ സ്വതന്ത്രമായി വിലസാം. ഒരു വർഷത്തോളമായി മധ്യപ്രദേശിലെ ദേശീയോദ്യാനത്തിൽ കൂട്ടിലടച്ച നിലയിലായിരുന്നു ചീറ്റകൾ. ആരോഗ്യ പരിശോധനയ്ക്കും നിരീക്ഷണത്തിനും വേണ്ടിയാണ് ചീറ്റകളെ അടച്ചിട്ടിരുന്നത്. ചീറ്റ പ്രോജക്റ്റ് സ്റ്റിയറിങ് കമ്മിറ്റിയാണ് ആഫ്രിക്കൻ ചീറ്റകളെയും അവയുടെ കുഞ്ഞുങ്ങളെയും തുറന്നു വിടാൻ തീരുമാനിച്ചിരിക്കുന്നത്.
മഴക്കാലം ഏതാണ്ട് അവസാനിച്ചിരിക്കുന്നതിനാൽ ചീറ്റകളെ തുറന്നു വിടുന്നതിൽ തെറ്റില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. ഡിസംബറോട് തീരുമാനം നടപ്പിലാക്കും. നിലവിൽ 12 കുഞ്ഞുങ്ങൾ അടക്കം 25 ചീറ്റകളാണ് കുനോയിൽ ഉള്ളത്. 2022 സെപ്റ്റംബറിലാണ് നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്നായി 12 ചീറ്റകളെ എത്തിച്ചു. ആദ്യ കാലഘട്ടത്തിൽ ചില ചീറ്റകളെ വനത്തിൽ സ്വതന്ത്രമാക്കിയിരുന്നു.
പക്ഷേ അണുബാധ മൂലം മൂന്നു ചീറ്റകൾ ചത്തതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവയെ വീണ്ടും കൂട്ടിലാക്കുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ചപ്പോൾ കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം ചീറ്റകളുടെ തൊലിയിൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായിരുന്നു. പിന്നീട് തൊലി പൊട്ടി അതു വഴി അണുബാധ ഉണ്ടായതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ ചീറ്റകൾക്ക് അണുബാധ ഇല്ലാതിരിക്കാനായി ചീറ്റകളെ കൂട്ടിലിട്ടത്. ഇപ്പോൾ പവൻ എന്നു പേരിട്ട ഒരു ആൺ ചീറ്റ മാത്രമാണ് വനത്തിൽ വിഹരിക്കുന്നത്. ഇതിനെ പിടി കൂടാൻ ഇതു വരെയും അധികൃതർക്ക് സാധിച്ചിട്ടില്ല. ഒരു വർഷത്തോളമായി ചീറ്റകൾ കൂട്ടിലാണ് കഴിയുന്നത്. ദീർഘദൂരം സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചീറ്റകൾക്ക് മാനസിദ സമ്മർദമുണ്ടാകുമെന്ന് ആഫ്രിക്കൻ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.