ബീജിങ്: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നു ചൈന. ഉഭയകക്ഷി ബന്ധം മെച്ചപ്പടുത്താനുള്ള സുപ്രധാനമായ പൊതുധാരണകളിലേക്ക് അവരെത്തിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ചൈന തയാറാണ്. ദീർഘകാല കാഴ്ചപ്പാടിൽ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാനും തങ്ങൾക്ക് ആഗ്രഹമുണ്ടെന്നു ലിൻ ജിയാൻ.
കിഴക്കൻ ലഡാഖിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനിക പിന്മാറ്റത്തിനും ഇന്ത്യയും ചൈനയും ധാരണയായതിനു പിന്നാലെയായിരുന്നു റഷ്യയിലെ കസാനിൽ മോദി- ഷി ജിൻപിങ് കൂടിക്കാഴ്ച അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനു കൈകോർക്കാൻ ഇരുവരും സന്നദ്ധത അറിയിച്ചിരുന്നു. അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക പ്രതിനിധികളുടെ സമിതി ഉടൻ ചേരുമെന്നാണ് ഇരു നേതാക്കളും അറിയിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നേതൃത്വം നൽകുന്നതാണ് ഇപ്പോഴത്തെ പ്രത്യേക പ്രതിനിധി സമിതി. 2019നുശേഷം ഈ സമിതി യോഗം ചേർന്നിട്ടില്ല. 2020 ജൂണിലെ ഗാൽവൻ താഴ്‌വര ഏറ്റുമുട്ടലിനുശേഷം ഇത്തരം ചർച്ചകളെല്ലാം നിലച്ചിരിക്കുകയാണ്.