ഹൈദരാബാദ്: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചൈന നിർമിത ബുദ്ധി (എഐ) ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചേക്കാമെന്നു മൈക്രോസോഫ്റ്റിന്‍റെ മുന്നറിയിപ്പ്. യുഎസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ചൈന സമാനമായ ഇടപെടൽ നടത്തിയേക്കാം. തായ്‌വാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ എഐ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കം രാജ്യങ്ങൾക്ക് മൈക്രോസോഫ്‌റ്റ് ഇന്‍റലിജന്‍സ് വൃത്തങ്ങളുടെ മുന്നറിയിപ്പ്.
ഓഗ്‌മെന്‍റിങ് മീം, വിഡിയൊ, ഓഡിയൊ ഉള്ളടക്കങ്ങളാണു ചൈന പ്രധാനമായും പരീക്ഷിക്കുക. എന്നാൽ, ഇവയ്ക്കു തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താനായേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ത്രീകൾ നയിക്കുന്ന വികസന പരിപാടികൾ, ആരോഗ്യം, കൃഷി മേഖലകളിൽ എഐയുടെ സാധ്യതയെക്കുറിച്ച് ഇരുവരും സംസാരിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനെ കൂടാതെ 64 രാജ്യങ്ങളിലാണ് സമീപഭാവിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗോള ജനസംഖ്യയുടെ 49 ശതമാനമാണിത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം എഐ ഇടപെടലുണ്ടാകാനുള്ള സാധ്യതയും മൈക്രോസോഫ്റ്റ് തള്ളിക്കളയുന്നില്ല.
മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്‍റര്‍(എംടിഎസി) പ്രസിദ്ധീകരിച്ച "സെയിം ടാര്‍ഗറ്റ്സ്, ന്യൂ പ്ലേബുക്‌സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്‌റ്റേഴ്‌സ് യൂനീക് മെതേഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. ചൈനയ്ക്കൊപ്പം ഉത്തര കൊറിയയുമുണ്ടെന്നും ലക്ഷ്യം നേടാനായി കൂടുതല്‍ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണ പസഫിക് ദ്വീപ് രാഷ്‌ട്രങ്ങള്‍, ദക്ഷിണ ചൈനാക്കടലിലെ ശത്രുക്കള്‍, യുഎസ് പ്രതിരോധ വാണിജ്യ മേഖല എന്നിവയാണ് ചൈനയുടെ പ്രധാന ലക്ഷ്യങ്ങളെന്നും മുന്നറിയിപ്പിലുണ്ട്.