പറ്റ്ന: എൻഡിഎയിലേക്ക് ചുവടുമാറ്റിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നു നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആർജെഡി, കോൺഗ്രസ്, ഇടതു സഖ്യം എംഎൽഎമാരെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന ജെഡിയുവിന്റെ ആരോപണങ്ങൾക്കിടെയാണു വിശ്വാസവോട്ട്. ഇതേത്തുടർന്ന് ജെഡിയു എംഎൽഎമാർക്ക് വിപ്പ് നൽകി. എൻഡിഎ ഘടകകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ അയോഗ്യത നേരിടേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്നു നിതീഷ് പക്ഷം പറഞ്ഞു.
കോൺഗ്രസിന്റെ 19 എംഎൽഎമാരിൽ 16 പേരും ഹൈദരാബാദിലാണ്. ബിജെപിയുടെ എംഎൽഎമാർ ഗയയിൽ ദ്വിദിന പരിശീലന സെഷനിൽ പങ്കെടുത്തു. ജെഡിയു മന്ത്രി ശ്രാവൺ കുമാർ തന്റെ പാർട്ടിയുടെ എംഎൽഎമാർക്കായി പറ്റ്നയിൽ ഉച്ചവിരുന്ന് സംഘടിപ്പിച്ചിരുന്നു. ആർജെഡി എംഎൽഎമാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണു യോഗം ചേർന്നത്. സിപിഐ(എംഎൽ-ലിബറേഷൻ) എംഎൽഎമാരായ മെഹബൂബ് ആലം, സത്യദേവ് റാം എന്നിവർ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവായ ജീതൻ റാം മാഞ്ചിയെ ശനിയാഴ്ചയും സന്ദർശിച്ചു. നിതീഷിനെ എൻഡിഎയിലേക്ക് തിരിച്ചെടുക്കുന്നതിൽ എതിർപ്പു പ്രകടിപ്പിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചി. എന്നാൽ, താൻ എൻഡിഎയിൽ തുടരുമെന്നും എംഎൽഎമാർക്കു വിപ്പ് നൽകിയെന്നും മാഞ്ചി വ്യക്തമാക്കി.
243 അംഗ നിയമസഭയില്‍ ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 128 എംഎല്‍മാരുടെ പിന്തുണയാണ് ഉള്ളത് (ബിജെപി 78, ജെഡിയു 45, എച്ച്എഎം - 4, സ്വതന്ത്രന് 1). മഹാസഖ്യത്തില്‍ 114 അംഗങ്ങളുമാണുള്ളത്. (ആര്‍ജെഡി 79, കോണ്‍ഗ്രസ് 19, ഇടത് പാര്‍ട്ടികള്‍ 16). ഇരു മുന്നണികളിലും ചേരാതെ നില്‍ക്കുകയാണ് ഒരു എംഎല്‍എ മാത്രമുളള എഐഎംഐഎം.