ഇന്ത്യൻ പുരുഷന്മാരുടെ താടിയേക്കുറിച്ചുള്ള ചർച്ചകൾ എല്ലാകാലത്തും സജീവമാണ്. താടിയുള്ള പുരുഷന്മാർക്കാണ് ഭംഗിയെന്നും താടിയില്ലാത്തവർക്കാണ് ഭംഗിയെന്നും വാദിക്കുന്ന സമൂഹം നിലനിൽക്കെ താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇപ്പോഴിതാ ഒരു കൂട്ടം പെൺകുട്ടികളുടെ റാലിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
റാലിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ തേടിയുള്ള പ്ലക്കാർഡുകളുമായാണ് പെൺകുട്ടികൾ റാലി നടത്തുന്നത്. 'താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ', 'ക്ലീൻ ഷേവ് ഇല്ലാത്തിടത്ത് പ്രണയമില്ല', 'ഞങ്ങൾ ആഗ്രഹിക്കുന്നത് താടിയില്ലാത്ത കാമുകന്മാരെയാണ്' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുക്കുന്നത്.
കോളെജ് വിദ്യാർഥികളെന്ന് തോന്നിക്കുന്ന പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്‍റുകളിൽ ഇതൊരു താമശയ്ക്ക് വേണ്ടി നടത്തിയ റാലിയാണെന്ന് വാദിക്കുന്നവരുണ്ട്. വെറും പബ്ലിസിറ്റിയാണെന്നും റീൽസിനായി ചിത്രീകരിച്ചതാണെന്നും യാതൊരു ആധികാരികതയും ഇതിനില്ലെന്നും ചിലർ പറയുന്നു. എന്നാൽ ഇതൊന്നുമല്ല യാഥാർഥ്യം. ഇതൊരു ഗ്രൂമിങ് ഉത്പന്നതിന്‍റെ പരസ്യത്തിന്‍റെ ഭാഗമായി ചെയ്തതാണെന്നതാണ് സത്യം.