നിനച്ചിരിയാതെ കടന്നു വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം!
"ഐ.എൻ.ഡി.ഐ.എ' എന്ന പേരിൽ പ്രതിപക്ഷം തട്ടിക്കൂട്ടിയ ഒരു സംവിധാനം നിലവിൽ വന്ന ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ് 5ന് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നത്. ഐ.എൻ.ഡി.ഐ.എയുടെ മുഖ്യ കൂട്ടാളികളായ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന പുതുപ്പള്ളി അതുകൊണ്ടു തന്നെ ഇടതു വലതു മുന്നണികളുടെ ഇരട്ടത്താപ്പിന്റെ ഉത്തമ ദൃഷ്ടാന്തമായി നമുക്കു മുന്നിലവതരിക്കുകയാണ്.
സ്വാതന്ത്യ്രാനന്തര ഭാരതത്തിൽ 65 വർഷം ഇടതും വലതും എന്ന നിലയിലുള്ള അവരുടെ പ്രവർത്തനം നമ്മളെ വിഡ്ഢികളാക്കുക മാത്രമാണ് ചെയ്തത് എന്ന് വൈകിയെങ്കിലും നാം മനസിലാക്കേണ്ടിയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ, കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം എന്താണ്?
രാഹുലിന്റെ കോൺഗ്രസും പിണറായിയുടെ സിപിഎമ്മും ഒരേ അർഥത്തിൽ കുടുംബാധിപത്യ പാർട്ടികൾ തന്നെയാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. വീണ ഇവിടെ, ചാണ്ടി ഉമ്മൻ അവിടെ... ഇവിടെ 2ജി കുംഭകോണം... അവിടെ സ്വർണക്കടത്ത് അഴിമതി... അങ്ങനെ എന്തെല്ലാം അഴിമതിക്കഥകളാണ് നിത്യേനയെന്നോണം നമ്മൾ കേൾക്കുന്നത്. ആരാണ് കൂടുതൽ അഴിമതിക്കാർ എന്നതിൽ മാത്രമാണ് അവരുടെ മത്സരം!
കോൺഗ്രസിന് പ്രീണന രാഷ്ട്രീയമുണ്ടെന്നതു പുതുമയില്ല. എന്നാലിപ്പോൾ സിപിഎമ്മും അതു തന്നെ ചെയ്യുകയാണ്. അവരുടെ സ്പീക്കർക്ക് നമ്മുടെ ഗണപതിയെക്കുറിച്ച് എന്തും പറയാം. എന്തുകൊണ്ട്? കോൺഗ്രസ് ചെയ്ത അതേ പ്രീണന രാഷ്ട്രീയം തങ്ങളും ചെയ്യണമെന്ന് അവർ കരുതുന്നു. കോൺഗ്രസും സിപിഎമ്മും തമ്മിൽ വ്യത്യാസമില്ലെന്ന് ഞാൻ പറഞ്ഞതിന്റെ പൊരുൾ ഇതാണ്.
സംസ്ഥാനത്തിന്റെ വികസന രംഗത്തും ഇതിന്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഏവർക്കും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം കേരളത്തിലും പൊതു അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും വഴിയൊരുക്കി. അതേസമയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ചങ്ങാത്ത സഖ്യത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും മൂലം സംസ്ഥാനത്തിന്റെ കടബാധ്യത വർധിക്കുകയാണുണ്ടായത്. 2016-17 ൽ 1.8 ലക്ഷം കോടി രൂപ കടമായിരുന്നത് അഴിമതിയും പ്രീണനങ്ങളും കെടുകാര്യസ്ഥതയും മൂലം 2021-22 ആയപ്പോഴേക്കും 3.35 ലക്ഷം കോടിയായി.
നാലു വർഷം കൊണ്ട് കേരളത്തിന്റെ പ്രതിശീർഷ കടം ഇരട്ടിയായി. റോഡുകൾ, റെയ്ൽ പാതകൾ, വൈദ്യുതീകരണം, വീടുകൾ, കുടിവെള്ള പൈപ്പ് ലൈൻ... എല്ലാം നിർമിച്ചത് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാണെന്നിരിക്കെ പിന്നെങ്ങനെയാണ് ഈ കടം വരുക? ഇവിടെ പാഴ്ച്ചെലവുകളും സോണ്ടാ കുംഭകോണം പോലെയുള്ള അഴിമതിയും പൊതു പണം കൊള്ളയടിക്കലും മാത്രമാണ് നടക്കുന്നത് എന്നാണുത്തരം.
ഞാൻ പറഞ്ഞതെല്ലാം വസ്തുതാപരമാണ്. കടബാധ്യത ഇങ്ങനെ വർധിച്ചാൽ നമ്മുടെ ഭാവി തലമുറ ഇവിടെ നിന്ന് ഓടിപ്പോവേണ്ടിവരും. അതുകൊണ്ടാണ് രാഷ്ട്രീയത്തിൽ മാറ്റം വരണമെന്ന് ഞാൻ പറയുന്നത് .
കോൺഗ്രസിനും സിപിഎമ്മിനും രാഷ്ട്രീയമായും ഒരേ ആശയമാണ്. മറ്റൊരു പൊതു വിഷയം അവരുടെ ചൈനാ ബന്ധമാണ്. സിപിഎമ്മിന് ചൈന അവരുടെ ക്ഷേത്രമാണെങ്കിൽ, ചൈനയെ തങ്ങളുടെ പങ്കാളിയായാണ് കോൺഗ്രസ് കാണുന്നത്. ചൈനയുടെ പ്രസക്തിയെന്താണ്? ഈ ചൈന കൊവിഡ് കാലത്ത് ഗാൽവാനിൽ നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ചൈന ഒരു ഭൂപടം പ്രസിദ്ധീകരിച്ചു. എന്നിട്ടും നമ്മുടെ ഇന്ത്യയിലെ ഈ രണ്ടു പാർട്ടികളും ചൈനയുടെ സുഹൃത്തുക്കളാണ്. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള പൊതു പ്രത്യയശാസ്ത്രത്തിന് പുറമെ അവർക്ക് ചൈനാ ബന്ധവുമുണ്ടെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.
ഇവരുമായി താരതമ്യം ചെയ്യുമ്പോൾ വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ രാഷ്ട്രീയമെന്നത് പകൽ പോലെ തെളിഞ്ഞുവരുന്നത് കാണാം. ഭാവി ഇന്ത്യയുടെ രാഷ്ട്രീയവും അതാണ്. കഴിഞ്ഞ 9 വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ ആഴത്തിലുള്ള പരിവർത്തനങ്ങൾ വരുത്തി. ഇന്ത്യ ജി20 യുടെ അധ്യക്ഷപദത്തിലേക്കുയർന്ന് ലോക രാജ്യങ്ങളുടെ ബഹുമാനത്തിനു പാത്രമായി. ചന്ദ്രയാൻ വിക്ഷേപണം ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ന് ഇന്ത്യ വളർന്നിരിക്കുന്നു. താമസിയാതെ നമ്മൾ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. കൊവിഡ് കാലത്ത് നാം 200 കോടി വാക്സിനുകൾ നിർമിച്ച് വിതരണം ചെയ്തു. മറ്റൊരു രാജ്യത്തിനും ചിന്തിക്കാൻ പോലുമാകാത്ത കാര്യങ്ങളാണിവയെല്ലാം. അതിന്റെയെല്ലാം ഫലമായി ഇപ്പോൾ ഇന്ത്യയ്ക്ക് തന്റേതായ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു.
കോൺഗ്രസും സിപിഎമ്മും ആഘോഷിക്കുന്ന പഴഞ്ചൻ ന്യായവാദങ്ങളുപേക്ഷിച്ച്, പകരം വികസിതവും സമൃദ്ധവുമായ ഒരു രാജ്യമായി നാം വളരണം. ആ മാറ്റം കേരളത്തിലും സംഭവിക്കണം; കേരളത്തിലെ യഥാർഥ പ്രതിപക്ഷ രാഷ്ട്രീയമാകേണ്ടതും ഇതാണ്. രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ്, അതിന്റെ സൂചനകൾ പുതുപ്പള്ളിയിൽ തുടങ്ങണം.